ജ്വല്ലറിയിലെ കവര്‍ച്ച ശ്രമം; കുറുവ സംഘമെന്ന് സംശയം
പത്തനാപുരം: പത്തനാപുരം നഗരമധ്യത്തിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണ ശ്രമത്തിന് പിന്നില്‍ ഈ സംഘമെന്ന്് സംശയം. പുനലൂര്‍ പത്തനാപുരം പാതയില്‍ പ്രവര്‍ത്തിക്കുന്ന വിനായക ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നത്. ജില്ലയിലും തമിഴ്‌നാട്ടില്‍ നിന്നുള്ള മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഷട്ടറുകളുടെ പൂട്ടുകള്‍ കുത്തിത്തുറക്കുകയും തറയിലെ ടൈലുകള്‍ പൊളിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ച ഒന്നിന് ശേഷമാണ് മോഷണശ്രമം നടന്നതെന്ന് സി.സി കാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പുനലൂര്‍ ഭാഗത്തു നിന്ന് വന്ന കാറില്‍ രണ്ടുപേര്‍ വന്നിറങ്ങുന്നതായും ദൃശ്യങ്ങളിലുണ്ട്.
ഷട്ടറിനകത്തെ വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്ഥാപനത്തിലെ സി.സി ക്യാമറ തുണികള്‍ കൊണ്ട് മറച്ച ശേഷമാണ് പൂട്ട് പൊളിച്ചത്. പൂട്ട് പൊളിക്കാന്‍ സാധിക്കാത്തതിനാല്‍ മോഷ്ടാക്കള്‍ക്ക് ജ്വല്ലറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.