ശ്രീനഗര്‍: മോഷ്ടിച്ച പിച്ച് റോളര്‍ തിരികെ നല്‍കണമെന്നാവശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നോട്ടീസ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം പര്‍വേസ് റസൂലിനെതിരെയാണ് മോഷണാരോപണം ചുമത്തിയിരിക്കുന്നത്.
പിച്ച് റോളര്‍ തിരികെ നല്‍കിയില്ലെങ്കില്‍ പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ മൂന്നംഗ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താരത്തിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
‘ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഉപകരണങ്ങള്‍ താങ്കള്‍ കൈവശം വച്ചിട്ടുണ്ട്. നിയമ ലംഘനത്തിന് പൊലീസ് നടപടികളിലേക്ക് ഉള്‍പ്പെടെ കടക്കാതിരിക്കുന്നതിനും പരസ്പര ബന്ധം കാത്തുസൂക്ഷിക്കുന്നതിനും ആ ഉപകരണങ്ങളെല്ലാം തിരികെ നല്‍കാന്‍ അഭ്യര്‍ഥന. അല്ലെങ്കില്‍ താങ്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അധികാരമുണ്ടായിരിക്കും’ എന്നായിരുന്നു നോട്ടീസില്‍ പരാമര്‍ശിച്ചത്.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന വിവാദ നോട്ടീസിനെതിരെ താരം പ്രതികരിച്ചിട്ടുണ്ട്.’ഇന്ത്യയ്ക്കായി കളിച്ച ജമ്മു കശ്മീരില്‍നിന്നുള്ള ആദ്യത്തെ ക്രിക്കറ്റ് താരമാണ് ഞാന്‍. ഐപിഎലിലും ദുലീപ് ട്രോഫിയിലും ദിയോദര്‍ ട്രോഫിയിലും ഇന്ത്യ എയ്ക്കായും ബോര്‍ഡ് പ്രസിഡന്റ് ഇലവനായും ഇറാനി ട്രോഫിയിലും കളിച്ചിട്ടുണ്ടെന്നു മാത്രമല്ല, ജമ്മു കശ്മീര്‍ ടീമിനെ ആറു വര്‍ഷത്തോളം നയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു തവണ ബിസിസിഐയുടെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള പുരസ്‌കാരം നേടിയ ജമ്മു കശ്മീരില്‍നിന്നുള്ള ഏക ക്രിക്കറ്റ് താരം കൂടിയാണ് ഞാന്‍.
ഇതിനിടെയാണ് ഞാന്‍ പിച്ച് റോളര്‍ എടുത്തുവെന്ന് ആരോപിച്ച് നോട്ടിസ് ലഭിച്ചത്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ പിച്ച് റോളറൊന്നും ഞാന്‍ എടുത്തിട്ടില്ല എന്ന് വ്യക്തമാക്കട്ടെ. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കളിക്കാരനാണ് ഞാന്‍. ജമ്മു കശ്മീരിനുവേണ്ടി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച ഒരു രാജ്യാന്തര ക്രിക്കറ്റ് താരത്തോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? എല്ലാ ജില്ലകളിലും സംസ്ഥാന അസോസിയേഷന് ശാഖകളുണ്ട്. ഉപകരണങ്ങള്‍ കാണാതെ പോയിട്ടുണ്ടെങ്കില്‍ അവരോടാണ് അന്വേഷിക്കേണ്ടത്. അല്ലാതെ എന്നോടല്ല.’എന്നായിരുന്നു താരത്തിന്റെ പ്രതികരണം.