എല്ലാ കേസുകളിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: എല്ലാ കേസുകളിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. പ്രതി ഒളിവില്‍ പോകുമെന്നും സമന്‍സ് ലംഘിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്.
ഏഴു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഈ തീരുമാനം എടുത്തത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഋഷികേശ് റോയി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വ്യക്തിസ്വാതന്ത്ര്യത്തിനു ഭരണഘടന പരമ പ്രാധാന്യമാണ് കല്‍പ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി വരുമ്പോള്‍, കുറ്റകൃത്യം ഹീനസ്വഭാവത്തിലുള്ളതാവുമ്പോള്‍, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുള്ളപ്പോള്‍, പ്രതി ഒളിവില്‍ പോവാനിടയുള്ളപ്പോള്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു.
അതേസമയം സിആര്‍പിസി 170ാം വകുപ്പിലെ കസ്റ്റഡി എന്ന വാക്ക് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കണം എന്നല്ല ഉദ്ദേശിക്കുന്നതെന്നും സുപ്രീം കോടതി വിശദീകരിച്ചു.സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് പലപ്പോഴും കീഴ്‌ക്കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. ഇത്തരത്തിലുള്ള അറസ്റ്റുകള്‍ രേഖപ്പെടുത്തുന്നതിലൂടെ വ്യക്തികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേല്‍ക്കുമെന്നാണ് സുപ്രീംകോടതിയുടെ വിശദീകരണം.