DeathLatest News

ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാണ്‍ സിങ് (89) അന്തരിച്ചു. രക്തത്തിലെ അണുബാധയും മറ്റ് വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളും കാരണം ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം.

1932 ജനുവരി അഞ്ചിന് യു.പിയിലെ അത്രൗളിയിലാണ്് കല്യാണ്‍ സിങ്ങിന്റെ ജനനം. രണ്ടുതവണ ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. 1991 ജൂണ്‍ മുതല്‍ 1992 ഡിസംബര്‍ വരെയും 1997 സെപ്റ്റംബര്‍ മുതല്‍ 1999 നവംബര്‍ വരെയുമാണ് യു.പി. മുഖ്യമന്ത്രിയായിരുന്നത്. 2014 മുതല്‍ 2019 വരെ രാജസ്ഥാന്റെ ഗവര്‍ണര്‍ പദവിയും കല്യാണ്‍ സിങ് വഹിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിങ് ആയിരുന്നു സംസ്ഥാന മുഖ്യമന്ത്രി.

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ കല്യാണ്‍ സിങ് രാജിവെച്ചു. അതേദിവസം തന്നെ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ബാബ്റി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പം കല്യാണ്‍ സിങ്ങും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഗൂഢാലോചനക്കുറ്റമായിരുന്നു സിങ്ങിനു മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന പ്രചാരണത്തിന് ഉറച്ചപിന്തുണ നല്‍കിയിരുന്നവരില്‍ പ്രമുഖനായിരുന്നു കല്യാണ്‍ സിങ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കല്യാണ്‍ സിങ്ങിന് ഉത്തര്‍ പ്രദേശില്‍ അധ്യാപകനായി ജോലി ലഭിച്ചു.

1967-ല്‍ അത്രൗളി മണ്ഡലത്തില്‍നിന്നാണ് ആദ്യം ജനവിധി തേടുന്നത്. 1969, 1974, 1977, 1980, 1985, 1989, 1991, 1993, 1996, 2002 എന്നീ വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ചു. ഇക്കാലയളവില്‍ ഒരുതവണ- 1989-ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. ബാക്കി ഒന്‍പതു തവണയും വിജയിച്ചു. 1980-ല്‍ ഉത്തര്‍ പ്രദേശ് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി. 1984-ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി.

കല്യാണ്‍ സിങ് 1999-ല്‍ ബി.ജെ.പി വിട്ടു. ശേഷം രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി രൂപവത്കരിച്ചു. 2002-ല്‍ ആര്‍.കെ.പി. സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 2004 ജനുവരിയില്‍ സിങ് ബി.ജെ.പിയില്‍ തിരികെയെത്തി. എന്നാല്‍ 2009-ല്‍ വീണ്ടും ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയും 2010-ല്‍ ജന്‍ ക്രാന്തി എന്ന പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ 2013-ല്‍ ജന്‍ ക്രാന്തി പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുകയും ശേഷം 2014-ല്‍ സിങ് വീണ്ടും ബി.ജെ.പിയിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button