മനുഷ്യ വിസര്‍ജ്യമടങ്ങിയ കവറില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഇല്ലാതാക്കുമെന്ന് ഊമക്കത്ത്
പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മനുഷ്യ വിസര്‍ജ്യമടങ്ങിയ കവറില്‍ കത്ത്. സംഭവത്തില്‍ ഷോളയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്ന് ഊമക്കത്താണ് ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്.
സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തില്‍ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറില്‍ മനുഷ്യ വിസര്‍ജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്. നേരത്തെ. അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ഷോളയൂര്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് വ്യാപകമായ വിവാദത്തിന് വഴി വെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു. ഈ സംഭവത്തില്‍ ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യ മേഖല കൂടിയാണ് അട്ടപ്പാടി എന്നതിനാല്‍ ഭീഷണിക്കത്തിനെ പൊലീസ് നിസ്സാരമായി തള്ളിക്കളഞ്ഞിട്ടില്ല. സംഭവത്തില്‍ ഷോളയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരായ ഭീഷണി സന്ദേശം നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്നാണ് പൊതുവില്‍ ഉയര്‍ന്നിരിക്കുന്ന വികാരം.
നേരത്തെ കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് ആദിവാസി ഊരില്‍ നടപടി സ്വീകരിച്ചിരുന്നത്. പൊലീസ് മുരുകന്റെ പതിനേഴ് വയസുകാരനായ മകന്റെ മുഖത്തടിച്ചതായും പരാതി ഉയര്‍ന്നിരുന്നു സ്ത്രീകളെയും പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചുവെന്നും ആരോപണം ഉയര്‍ന്നു. ഈ സംഭവം പ്രതിപക്ഷം നിയമസഭയിലും ഉയര്‍ത്തുകയുണ്ടായി.