താന്‍ മുങ്ങിയെന്ന് പറഞ്ഞാല്‍ ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് പി.വി അന്‍വര്‍;വീണ്ടും വിവാദം
നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും പി വി അന്‍വര്‍ എം.എല്‍.എ മുങ്ങിയെന്നും അപ്രത്യക്ഷനായെന്നുമുള്ള തരത്തില്‍ ഒട്ടേറെ വാര്‍ത്തകളും പോസ്റ്റുകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.ആ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടുത്ത ഭാഷയില്‍ പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.വി അന്‍വര്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെയടക്കം രൂക്ഷമായി വിമര്‍ശിച്ചത്. മുങ്ങിയത് താനല്ല വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടറുടെ തന്തയാണെന്നായിരുന്ന അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയത്. ഇപ്പോള്‍ അതിന് പിന്നാലെ ഇക്കാര്യത്തില്‍ വീണ്ടും ഫേസ്ബുക് കുറിപ്പുമായി അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്ഥലത്തില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് മാന്യതയായിരുന്നുവെന്നും ഫോണ്‍ ഓഫ് ചെയ്ത് നിന്ന് മുങ്ങി എന്ന് പറഞ്ഞാല്‍ അതിന്റെ മറുപടി ഇങ്ങനെ തന്നെയായിരിക്കും ഇനിയും അങ്ങനെതന്നെ പ്രതീക്ഷിച്ചാല്‍ മതിയെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതില്‍ ഖേദമില്ലെന്നും അന്‍വര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ അന്‍വറിന്റെ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ എം.എല്‍.എ മാപ്പ് പറയണമെന്നടക്കമുള്ള പ്രതികരണങ്ങള്‍ വിവിധകോണുകളില്‍ നിന്നുയരുമ്പോഴാണ് വീണ്ടും ഫേസ്ബുക് പോസ്റ്റുമായി അന്‍വര്‍ രംഗത്തെത്തിയത്. ഏത് മാപ്പാണ് വേണ്ടത്? നിലമ്പൂരിന്റെ വേണോ സിയേറ ലിയോണിന്റെ വേണോയെന്നും പരിഹാസം കലര്‍ന്ന ഭാഷയില്‍ അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു
പി.വി അന്‍വറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘സ്ഥലത്തില്ല’എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് മാന്യത.. ‘ഫോണ്‍ ഓഫ് ചെയ്ത് നിലമ്പൂരില്‍ നിന്ന് മുങ്ങി’എന്ന് പറഞ്ഞാല്‍ അതിന്റെ മറുപടി ഇനിയും ഇത് തന്നെയേ കിട്ടൂ..
no regrets എന്നാണ് പോസ്റ്റ്
എം.എല്‍.എയെ കാണാനില്ലെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്നതിന് പിന്നാലെ ടിവി ചാനലില്‍ ആദ്യ പ്രതികരണവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ആഫ്രിക്കയിലെ സിയറ ലിയോണില്‍ നിന്ന് മീഡിയാ വണിന് പ്രത്യേകമായി അനുവദിച്ച അഭിമുഖത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം. കാണാനില്ലെന്ന തരത്തില്‍ പ്രചരിപ്പിച്ച വാര്‍ത്തകളില്‍ പ്രകോപനപരമായി പ്രതികരിക്കാനുണ്ടായ കാരണവും അന്‍വര്‍ വ്യക്തമാക്കി
കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞു. ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയേറ ലിയോണിലാണെന്നും അവിടെ സ്വര്‍ണ ഖനനത്തിലാണെന്നും അന്‍വര്‍ പറഞ്ഞു. സാമ്പത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതെയാണ് ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയത്. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും പാര്‍ട്ടി തനിക്ക് മൂന്നു മാസത്തെ അവധി അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി. നാട്ടിലില്ലെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണങ്ങള്‍ക്കു പോകലും വയറു കാണലുമല്ല തന്റെ പണിയെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശകര്‍ക്കെതിരെ പ്രതികരിച്ച അന്‍വര്‍ യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുന്നതായും ആരോപിച്ചു
പുതിയ വാര്‍ത്ത തനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തില്‍ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും് പി.വി അന്‍വര്‍ പറഞ്ഞു.