നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം പാരവയ്പ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗര്‍ബല്യവും സ്ഥാനാര്‍ത്ഥിത്വം മോഹിച്ച് കിട്ടാതെ പോയ നേതാക്കളുടെ പാര വയ്പുകളുമാണെന്ന് കെ.പി.സി.സി നിയോഗിച്ച സമിതികളുടെ കണ്ടെത്തല്‍. താഴെത്തട്ടിലുള്‍പ്പെടെ പാര്‍ട്ടി സംഘടനയെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുന:ക്രമീകരിക്കണമെന്നും അഞ്ച് മേഖലാ സമിതികളും നിര്‍ദ്ദേശിച്ചു.
എല്ലാ സമിതികളുടെയും റിപ്പോര്‍ട്ടുകള്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ലഭിച്ചിട്ടുണ്ട്. സമിതികളുടെ ശുപാര്ശകളിന്മേല് ക്രിയാത്മകനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഇവ സൂക്ഷ്മമായി പഠിക്കാന്‍ വിദഗ്ദ്ധരെ ചുമതലപ്പെടുത്താനാണ് നീക്കം. സമിതി അംഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ വ്യക്തത തേടും.
പാര്‍ട്ടിയില്‍ സംഘടനാ അച്ചടക്കം ശക്തിപ്പെടുത്തണമെന്ന് കെ.എ.ചന്ദ്രന് അദ്ധ്യക്ഷനായ തെക്കന്‍ മേഖലാ സമിതി നിര്‍ദ്ദേശിച്ചു. കെ.പി.സി.സി ഭാരവാഹികളടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ തോല്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഇവരുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. നേതാക്കളുടെ പാര്‍ലമെന്ററി വ്യാമോഹവും, സംഘടനയെ ചലിപ്പിക്കുന്നതിലെ താല്പര്യക്കുറവുമാണ് നിഴലിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ഗ്രൂപ്പ് താല്പര്യങ്ങള്ക്കനുസരിച്ച് ഭാരവാഹികളെ നിശ്ചയിക്കുന്നതാണ് തിരിച്ചടിക്ക് വഴിവയ്ക്കുന്നത്. കഴിവും മെറിറ്റുമുള്ള പ്രവര്‍ത്തകര്‍ തഴയപ്പെടുന്നത് സംഘടനാപരമായ പാളിച്ചയിലേക്ക് നയിക്കുന്നു. ഗ്രൂപ്പ് താല്പര്യങ്ങള് മാറ്റിവച്ച് താഴെത്തട്ടില്‍ ജനകീയാടിത്തറയുള്ള പ്രവര്‍ത്തകരെ നേതൃനിരയിലെത്തിക്കണം. സംഘടനാ അച്ചടക്കം ഊട്ടിയുറപ്പിക്കുന്നതിന് പാര്‍ട്ടി സ്കൂളുകള്‍ സജീവമാക്കണം. പാര്‍ട്ടി ഫണ്ടിംഗില്‍ സുതാര്യത ഉറപ്പാക്കണം. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനത്തിന് ഏകീകൃത സ്വഭാവം വേണമെന്നും റിപ്പോര്‍ട്ടുകളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.