കോണ്‍ഗ്രസില്‍ സൈബര്‍ പോര്
സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരസ്യമായ കലാപ കൊടിയാണ് ഉയരുന്നത്. രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കു എതിരെ കെ സി വേണുഗോപാല്‍ കെ സുധാകരന്‍ വി ഡി സതീശന്‍ എന്നിവരുടെ അനുയായികകളാണ് സൈബര്‍ ആക്രമണം നടത്തുന്നത്. രമേശ് ചെന്നിത്തലയെയും കുടുംബത്തെയും അധിക്ഷേപ്പിച്ചു കൊണ്ടു പോസ്റ്റുകളും സാമൂഹ്യമാധ്യമത്തില്‍ സജീവമായി. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കുറെ സൈബര്‍ ഗുണ്ടകള്‍ ഇറങ്ങിയിട്ടുണ്ട് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസ് സൈബര്‍ ടീം ഒഫീഷ്യല്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് അധിക്ഷേപം നടന്നത്.
ചെന്നിത്തലയും മകന്‍ രോഹിതും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന പോസ്റ്റില്‍, ചെന്നിത്തല പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു പോകണമെന്നും ആവശ്യപ്പെടുന്നു. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ത്തുന്നതു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സൈബര്‍ ടീം പേജില്‍ കുറിപ്പ് പുറത്തിറങ്ങിയത്. പാര്‍ട്ടിയെ ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ചെന്നിത്തലയും മകനും നീക്കം നടത്തുന്നതെന്നാണ് ആരോപണം. പോസ്റ്റിനെതിരെ രംഗത്തെത്തിയ ഐ ഗ്രൂപ്പ് നേതാക്കള്‍, ചില പാര്‍ട്ടി നേതാക്കള്‍ നിയോഗിച്ച സൈബര്‍ ഗുണ്ടകളാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഡിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപെട്ട് ശശി തരൂര്‍ എംപിയ്‌ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തരൂരിന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ശശി തരൂരിന്റെ സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുക എന്നാണ് ഒരു പോസ്റ്റര്‍. തരൂരേ നിങ്ങള്‍ പി.സി.ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുള്ള ചോദ്യമുന്നയിച്ചായിരുന്നു് മറ്റൊരു പോസ്റ്റര്‍.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നതെന്നുള്ള രീതിയിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ശശി തരൂര്‍ എം പി യുടെ പേര്‍സണല്‍ സ്റ്റാഫ് ആയിരുന്ന ജി എസ് ബാബുവിനെ ഡി സി സി പ്രസിഡന്റ് ആക്കാനുള്ള തീരുമാനം ആണ് പോസ്റ്റര്‍ പതിപ്പിക്കാന്‍ കാരണമായത്.