ഗോപിനാഥ് പോകില്ലെന്ന് ഉറപ്പുണ്ട്, പാലക്കാട്ടെ പ്രത്യേക സാഹചര്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സുധാകരൻ
തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷ പട്ടിക വിഷയത്തില്‍ പാര്‍ട്ടിയുടെ നല്ലതിനായി തുടര്‍ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇത്തരം പ്രതികരണങ്ങള്‍ ഉചിതമാണോയെന്ന് നേതാക്കള്‍ ആലോചിക്കണമെന്നും കെ.സുധാകരന്‍ ചോദിച്ചു.
എ.വി ഗോപിനാഥിന്റെ രാജി പ്രഖ്യാപനം പാലക്കാട്ടെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിലാണെന്നും തന്നെ അങ്ങനെ കൈയൊഴിയാന്‍ ഗോപിനാഥിനാവില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. അടുത്ത ബന്ധമാണ് താനും ഗോപിനാഥുമായുളളതെന്നും പാര്‍ട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ലെന്ന് ശുഭാപ്‌തി വിശ്വാസമുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഡിസിസി അദ്ധ്യക്ഷന്മാരുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അദ്ധ്യായമാണ്. എല്ലാവിഷയവും ചര്‍ച്ച ചെയ്‌ത് ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് നേതാക്കള്‍ക്ക് പറയാനുളളത് പറയാം പക്ഷെ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാന്റ് ആണെന്നും സുധാകരന്‍ പറഞ്ഞു.
എല്ലാ ദിവസവും വിവാദവുമായി മുന്നോട്ട് പോകാനാകില്ല. ആറ് മാസത്തിനകം കോണ്‍ഗ്രസിന്റെ രൂപവും ഭാവവും മാറും. സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടി മാറുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയുടെ ശക്തിയും തണലുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇനിയും വേണമെന്നാണ് ആഗ്രഹമെന്നും കെ.മുരളീധരന്‍ കോണ്‍ഗ്രസിന്റെ നെടുംതൂണുകളിലൊന്നാണെന്നും കെ.സുധാകരന്‍ പറഞ്ഞു. ഇത്രയും കാലം ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയെ നശിപ്പിക്കാതെ നോക്കേണ്ടത് നേതാക്കളുടെ ബാദ്ധ്യതയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താരീഖ് അന്‍വറിനെ മാറ്റുന്നത് സംബന്ധിച്ച് തനിക്കൊന്നും ചെയ്യാനില്ലെന്നും അതെല്ലാം ഹൈക്കമാന്റ് തീരുമാനമാണെന്നും സുധാകരന്‍ പ്രതികരിച്ചു.