മലയാളത്തിന്റെ മഹാനടന് ഇന്ന് എഴുപതാം ജന്മദിനം
മലയാളത്തിന്റെ മഹാനടന് ഇന്ന് എഴുപതാം ജന്മദിനം. അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേരാണ് മമ്മൂട്ടി.
അതിരുകളില്ലാത്ത നടന വിസ്മയത്തിന്റെ വിവിധ ഭാവങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ മഹാനടന്‍. വല്ല്യേട്ടന്‍ ആയും കുടുംബനാഥനായും പൊലീസ് ആയും അധ്യാപകനായും രാഷ്ട്രീയക്കാരനായും ചരിത്രപുരുഷനായും, അങ്ങനെ എണ്ണി തീര്‍ക്കാനാകാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താര നക്ഷത്രം. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തി ജികെ ആയും മേലേടത്ത് രാഘവന്‍ നായരായും ചന്തു ചേകവരായും വാറുണ്ണിയായും ഇങ്ങവസാനം കടയ്ക്കല്‍ ചന്ദ്രനായുമൊക്കെ എണ്ണിയാലൊടുങ്ങാത്ത നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക സമൂഹത്തെ ത്രസിപ്പിച്ച പ്രിയതാരം.
അഭിഭാഷകളില്‍ നിന്നും അഭിനയമോഹം സിനിമയിലേക്ക് എത്തിച്ചപ്പോള്‍ വെള്ളിത്തിരയിലെ ഭാഗ്യനക്ഷത്രമായി ഉദിച്ചുയര്‍ന്നു മമ്മൂക്ക.സഹ നടനില്‍ നിന്നും ആരും കൊതിക്കുന്ന നടനായി. ഹിറ്റുകളിലൂടെയും സൂപ്പര്‍ ഹിറ്റുകളിലൂടെയും മെഗാ ഹിറ്റുകളിലൂടെയും ആ മഹാനടന്‍ ജൈത്രയാത്ര തുടര്‍ന്നു. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണ ബോധത്തോടെയും ലക്ഷ്യത്തില്‍ എത്താം എന്ന് പഠിപ്പിച്ച് തന്ന ജീവിതം.
അഭിനയം കൊണ്ടും ശബ്ദം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടും എത്ര എത്ര തവണ പ്രേക്ഷകരെ ഞെട്ടിച്ചു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമൊക്കെ ആ നടനവിസ്മയത്തെ നേരിട്ടറിഞ്ഞു. സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂക്ക ഇന്ത്യന്‍ സിനിമാ ലോകത്തിനു തന്നെ വിസ്മയമാണ്. കണ്ട് കണ്ട് കൊതി തീരാത്ത 50 വര്‍ഷങ്ങള്‍.
1998 ല്‍ പദ്മശ്രീ..89 ലും, 93 ലും 98ലും ദേശീയ പുരസ്‌ക്കാരം. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചന്‍ മാത്രമാണ് ഈ നേട്ടത്തില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്. 7 തവണ സംസ്ഥാന പുരസ്‌ക്കാരം. എണ്ണിയാല്‍ തീരാത്ത പുരസ്‌കാരങ്ങള്‍ പിന്നെയും.
അഭിനയത്തിനായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തി. ചന്തു ചേകവര്‍ ആയും പഴശ്ശിരാജയായും അംബേദ്കര്‍ ആയും ഒക്കെ മറ്റാരെയാണ് പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആവുക. ഊരും പേരുമില്ലാത്ത ആദ്യ കഥാപാത്രത്തില്‍ നിന്നും ചുവടുകള്‍ മുന്നോട്ട് വെച്ചപ്പോള്‍ പിന്നീട് നടന്നത് ചരിത്രം. ഓരോ വര്‍ഷം പിന്നിടുമ്‌ബോഴും അഭിനയത്തിനും സൗന്ദര്യത്തിനും വീര്യം കൂടുന്ന, പ്രായം പോലും തോറ്റു പോകുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം.
തലമുറകളെ ത്രസിപ്പിച്ച ഇതിഹാസനായകന്, മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്, മലയാളത്തിന്റെ നടന യൗവ്വനത്തിന്, പകരക്കാരനില്ലാത്ത നടന വിസ്മയത്തിന് ജന്മദിനാശംസകള്‍..