കൊച്ചിയില്‍ പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ല; കളമശേരി പോലീസ് കേസെടുത്തു
കൊച്ചി: ഇന്നലെ കളമശേരി പോലീസ് പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ല. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി കരാറെടുത്ത ഏജന്‍സിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ കൈയില്‍ നിന്നാണ് പോലീസ് ഇന്നലെ 19 തോക്കുകള്‍ പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ ആയുധനിരോധന നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
എസ്എസ്വി സെക്യൂരിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്. ജമ്മു കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് ലഭ്യമായ വിവരം. സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിക്ക് തോക്കുകളുള്ള ആളുകളെ വിതരണം ചെയ്യുന്ന മറ്റൊരു ഏജന്‍സിയും പ്രതിസ്ഥാനത്തുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കും. തോക്കുകള്‍ക്ക് എഡിഎമ്മിന്റെ ലൈസന്‍സ് വേണം.
ഇന്ന് രാവിലെ തോക്കിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും രേഖകള്‍ ഹാജരാക്കിയില്ല. ഈ തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി ജില്ല കലക്ടറുകമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ സാധുത പോലീസ് പരിശോധിക്കും.
തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജന്‍സിയുടെ ജീവനക്കാരെ അഞ്ചു തോക്കുകളുമായി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞമാസമാണ് കരമന പോലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തിരുന്നു.
ആറ് മാസത്തിലേറെ ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചു വരികയാണ്. കരമന പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇവരെ കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് തോക്കുകളുമായി ആളുകളെ പിടികൂടിയതോടെ കേരളമൊട്ടാകെ കര്‍ശനപരിശോധന നടത്താന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കൊച്ചിയില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്തത്.