Kerala NewsLatest NewsLocal NewsPolitics

പന്തളം നഗരസഭ ഭരണം അട്ടിമറിക്കാന്‍ നീക്കം

പന്തളം: കേരളത്തില്‍ ബിജെപി ഭരിക്കുന്ന രണ്ട് നഗരസഭകളിലൊന്നായ പന്തളം നഗരസഭ പിരിച്ചുവിടാന്‍ സെക്രട്ടറിയുടെ ശുപാര്‍ശ. ഭരണപ്രശ്‌നങ്ങള്‍ പറഞ്ഞ് ഇവിടെ പ്രതിപക്ഷം നിരന്തരം സമരം നടത്തിവരികയാണ്. ഭരണം നഷ്ടപ്പെട്ട ഇടതുമുന്നണി ഏതുവിധേനയും ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്തിറക്കാന്‍ ശ്രമിച്ചുവരികയാണ്. ഇതിനിടയിലാണ് പുതിയതായി അധികാരമേറ്റ നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഭരണസമിതി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് കത്ത് നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഓംബുഡ്‌സ്മാന്റെ ഉപദേശം തേടണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയുടെ ബജറ്റ് മിച്ച ബജറ്റായി പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. സാനിട്ടേഷന്‍ സൊസൈറ്റി എന്ന പേരില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍് നടത്തിയിരുന്നു. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തന നിലവാരവുമായി യാതൊരു സാമ്യവും പുലര്‍ത്താതെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് പന്തളത്തേത്.

ബജറ്റ് മാര്‍ച്ച് 31ന് മുമ്പ് മിച്ച ബജറ്റായി നിയമാനുസരണം പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ ശുചീകരണപ്രവര്‍ത്തനത്തിനായി താത്കാലിക ജോലിക്കാരെ നിയമിച്ചതില്‍ നിയമവിരുദ്ധതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സെക്രട്ടറി കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഇരിക്കുന്ന കസേര മാറ്റിയിട്ടതിന്റെ പേരില്‍ ജീവനക്കാര്‍ നഗരസഭയ്‌ക്കെതിരേ സമരം ചെയ്തിരുന്നു. നഗരസഭയായശേഷം രണ്ടാമത്തെ തിരഞ്ഞെടുപ്പിലാണ് ബിജെപി ഇവിടെ അധികാരം പിടിച്ചെടുത്തത്. എന്നാല്‍ ഭരണത്തിലേറിയ കാലംമുതല്‍ പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ മുങ്ങിയായിരുന്നു ഭരണം.

എന്തിനും ഏതിനും എതിര്‍പ്പുമായി മുന്നിട്ടിറങ്ങുന്ന പ്രതിപക്ഷം വലച്ചത് പന്തളത്തെ ജനങ്ങളെയാണ്. രാഷ്ട്രീയവൈരം തീര്‍ക്കാനുള്ള വേദിയായി നഗരസഭ മാറിയപ്പോള്‍ പദ്ധതിപ്രവര്‍ത്തനം മുതലുള്ള പലകാര്യങ്ങളിലും മറ്റ് നഗരസഭകളേക്കാള്‍ പന്തളം പിന്നിലായി. സമരമില്ലാത്ത ദിവസമില്ലെന്നതാണ് നഗരസഭയിലെ കാര്യം.

വര്‍ഷങ്ങളായി പദ്ധതി നിര്‍വഹണം നടത്തുന്നതില്‍ പരിചയമുള്ളവര്‍ക്കുവരെ സ്ഥാനമാറ്റം നല്‍കിയതും പ്രവര്‍ത്തനത്തെ ഇടയ്ക്ക് ബാധിച്ചു. യുഡിഎഫുമായി തോളോടുചേര്‍ന്ന് പല സമരങ്ങളിലും ഇടതുമുന്നണി രംഗത്തെത്തി. നഗരസഭയിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും സമരമായും ധര്‍ണയായും പ്രതിഷേധമായും പുറംലോകമറിഞ്ഞു. പുതിയ സെക്രട്ടറി ചുമതലയെടുത്തതോടെ പിരിച്ചുവിടാനുള്ള ശുപാര്‍ശയും നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button