ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി അമേരിക്കയിലേക്ക്
ന്യൂഡല്‍ഹി: സെപ്തംബര്‍ 24ന് അമേരിക്കയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മോദിയേയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും കൂടാതെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ജപ്പാന്‍ പ്രധാനമന്ത്രി യൊഷിഹിഡെ സുഗ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രനേതാക്കള്‍. ഇന്തോ – പസഫിക്ക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന സൈനിക വെല്ലുവിളിയായിരിക്കും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയം. ക്വാഡ് രാഷ്ട്രങ്ങളുടെ രണ്ടാമത്തെ ഉച്ചകോടിയാണെങ്കിലും ഇത് ആദ്യമായിട്ടാണ് നാലു രാഷ്ട്രനേതാക്കന്മാരും നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇതിനു മുമ്ബ് നടന്ന ആദ്യ സമ്മേളനം ഓണ്‍ലൈനായാണ് നടന്നത്.
മാര്‍ച്ച് 12ന് നടന്ന ആദ്യ സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ഇത്തവണ വിലയിരുത്തും. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ക്വാഡിന്റെ വാക്സിന്‍ പദ്ധതിയില്‍ നേടിയ പുരോഗതിയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
അഫ്ഗാനിസ്ഥാനിലെ സേനാ പിന്മാറ്റത്തിനു ശേഷം ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ബൈഡന്രെ പ്രതിച്ഛായയ്ക്ക് കുറച്ചു മങ്ങലേറ്റിരിക്കുന്ന അവസരത്തിലാണ് രണ്ടാമത് ക്വാഡ് സമ്മേളനം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സമ്മേളനത്തില്‍ ഇന്തോ – പസഫിക്ക് മേഖലയെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള എല്ലാ വിധ ബാഹ്യ ശക്തികളില്‍ നിന്നും സംരക്ഷിക്കുമെന്ന് ഈ രാഷ്ട്രങ്ങള്‍ പ്രതിജ്ഞ ചെയ്തിരുന്നു. ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പായാണ് വിദഗ്ദ്ധര്‍ വിലയിരുത്തിയത്.