ഓഫ്‌ലൈനിലും യുപിഐ ഇടപാട് നടത്താം
കൊച്ചി: ഇന്റര്‍നെറ്റ് ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താന്‍ സൗകര്യമൊരുങ്ങി. കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയില്‍ ഇ വാലറ്റ് പെയ്‌മെന്റ് നടത്താനാവാതെ ഉപഭോക്താക്കള്‍ വലയുകയാണ്. അവര്‍ക്കെല്ലാം ആശ്വാസമായാണ് ഇന്റര്‍നെറ്റില്ലെങ്കിലും പെയ്‌മെന്റ് നടത്താനാവുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ എത്തിയിരിക്കുന്നത്.
യുപിഐ ഉപയോക്താക്കള്‍ക്ക് *099# എന്ന യുഎസ്എസ്ഡി കോഡ് ഉപയോഗിച്ച് ഫോണുകളിലൂടെ ഓഫ്‌ലൈന്‍ പെയ്‌മെന്റ് നടത്താന്‍ കഴിയും. സ്മാര്‍ട്ട് ഫോണ്‍ അല്ലാതെ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താനാവും. ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ *099# എന്ന യുഎസ്എസ്ഡി കോഡ് ഉപയോഗിച്ച് ഓഫ്‌ലൈനിലും ഇടപാട് നടത്താം. ഫോണിന്റെ ഡയലര്‍ തുറന്ന് *99# എന്ന് ടൈപ്പ് ചെയ്തതിന് ശേഷം കോള്‍ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഭാഷ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു മെസ്സേജ് വരും, ഇതില്‍ നിന്നും ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. അപ്പോള്‍ നിരവധി ഓപ്ഷനുകളുള്ള ഒരു മെനു ദൃശ്യമാകും.
പണം അയക്കുക മാത്രമാണ് വേണ്ടെതെങ്കില്‍ 1 അമര്‍ത്തിയിട്ട് അയക്കുക. എന്നതിനുശേഷം പണം അയക്കേണ്ട ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പണം സ്വീകരിക്കുന്ന ആളിന്റെ മൊബൈല്‍ നമ്പര്‍ ആണ് കൈവശം ഉള്ളതെങ്കില്‍ 1 എന്ന് ടൈപ്പ് ചെയ്തിട്ട് SEND എന്നതില്‍ അമര്‍ത്തുക. അതിന്ശേഷം പെയ്‌മെന്റ് സ്വീകരിക്കുന്ന ആളിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കൊടുക്കുക. അതിനുശേഷം അയക്കേണ്ട തുക എഴുതി SEND എന്നതില്‍ അമര്‍ത്തുക.
പെയ്‌മെന്റ് സംബന്ധിച്ചുള്ള അഭിപ്രായം (Remarks) എഴുതുക. അവസാനമായി അയയ്ക്കുന്ന ആളുടെ യുപിഐ പിന്‍ കൊടുക്കുക. ഇതോടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പണമിടപാട് പൂര്‍ത്തിയാകും. *99# ഓപ്ഷന്‍ ഉപയോഗിച്ച് യുപിഐ പ്രവര്‍ത്തനരഹിതമാക്കാനും കഴിയും.