Kerala NewsLatest NewsNewsPolitics

ക്രിസംഘികള്‍ ബിജെപിക്ക് പാരയാകുമോ

കേരളത്തില്‍ ലവ് ജിഹാദിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്തതാണ് നാര്‍ക്കോട്ടിക് ജിഹാദ്. പാലാ ബിഷപ്പ് ഉയര്‍ത്തിയ നാര്‍ക്കോട്ടിക് ജിഹാദ് ഏറ്റെടുക്കാന്‍ കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങി. ജിഹാദിനെതിരെ രംഗത്തുവരുന്നവരെ കൈയ്‌മെയ് മറന്ന് പിന്തുണക്കുകയാണ് സംഘപരിവാര്‍.

ഇവിടെ തങ്ങളുടെ നിലനില്‍പിനും സംരക്ഷണത്തിന് കണ്ണില്‍ക്കണ്ടവരെയെല്ലാം ഉപയോഗിക്കുന്ന സഭയുടെ കുത്സിത ബുദ്ധി പരിവാര്‍ പ്രസ്ഥാനങ്ങള്‍ കാണാതെ പോവുകയാണോ അതോ കണ്ടില്ലെന്ന് നടിക്കുകയാണോ? തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വികസനത്തിനും വിശ്വസ്തതയ്ക്കും ബിജെപി ഭരണം വരണമെന്നാവശ്യപ്പെട്ട് പല സഭകളും പത്രപ്രസ്താവനകള്‍ ഇറക്കും. എന്നാല്‍ വോട്ട് ചെയ്യാന്‍ തങ്ങളുടെ കുഞ്ഞാടുകള്‍ പോകുമ്പോള്‍ കേരള കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും മറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യും.

കേരളത്തില്‍ അധികാരം ലഭിക്കണമെങ്കില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ബിജെപിക്ക് അറിയാം. എങ്ങിനെയും തങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍ സമുദായത്തെ അടുപ്പിക്കാനായി അക്ഷീണമായി പ്രവര്‍ത്തിക്കുകയാണ് അവര്‍. കേരളത്തിനു പുറത്താകട്ടെ വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ മറ്റു സംഘപ്രസ്ഥാനങ്ങള്‍ ക്രൈസ്തവസഭകള്‍ക്കെതിരാണ്. അപവാദം ഗോവ മാത്രം.

അഖണ്ഡഭാരതമെന്ന ആശയത്തെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്ന ക്രൈസ്തവ സഭകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ബിജെപിയുടെ ധാരണ ചോറുണ്ടാല്‍ അമ്പിളിമാമനെ കൊണ്ടത്തരാം എന്ന് രണ്ടുവയസുള്ള കുട്ടിയോട് അമ്മ പറയുന്നതുപോലെയാവുകയാണ്. കേരളത്തില്‍ തന്നെ പരിവാര്‍ പ്രസ്ഥാനങ്ങളെ തേച്ചൊട്ടിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം എന്നും വിദഗ്ധമായി ഉപയോഗിച്ചവരാണ് ക്രിസ്തീയ സഭകള്‍.

ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ അരമനകളിലെത്തി സഭാധ്യക്ഷന്മാരോട് പിന്തുണ അഭ്യര്‍ഥിക്കുമ്പോള്‍ പിന്തുണയ്ക്കാം എന്ന് അവര്‍ അനുഗ്രഹിക്കും. മിക്ക സഭകളുടെയും ഇടപാടുകളിലേക്ക് രാഷ്ട്രീയക്കാര്‍ കണ്ണുവച്ചാല്‍ തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും കോടതിയുടെ കസ്റ്റഡിയിലെത്തുമെന്ന അവബോധമാണ് അവരെ അനുഗ്രഹത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ബിജെപിയെയും കമ്മ്യൂണിസ്റ്റുകളെയും എപ്പോഴും തീണ്ടാപ്പാടകലെ നിര്‍ത്തുന്ന സഭകളുടെ ബുദ്ധി മനസിലാക്കാന്‍ ഇനിയും വൈകിയിട്ടില്ല.

ജിഹാദുകള്‍ക്കെതിരെ രംഗത്തുവന്ന് ഹിന്ദു- ക്രൈസ്തവ ഐക്യം ബലപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ എത്രകണ്ട് ഫലവത്താവുമെന്ന ആശങ്കയിലാണ് മറ്റു പാര്‍ട്ടികള്‍. എന്നാല്‍ ആശങ്കയ്ക്കടിസ്ഥാനമില്ലാതെ ക്രൈസ്തവ സഭകള്‍ ബിജെപിക്കെതിരെ നിലപാടെടുക്കുമെന്ന് മുന്‍പുണ്ടായ സംഭവങ്ങള്‍ തെളിയിക്കുകയാണ്. കേരളത്തില്‍ തങ്ങളുടെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങാന്‍ ബിജെപിക്കാര്‍ മാത്രമേ രംഗത്തു വരൂ എന്ന തിരിച്ചറിഞ്ഞ് ബുദ്ധപൂര്‍വമാണ് സഭകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പിന്നാക്കം നില്‍ക്കുന്ന മറ്റിടങ്ങളിലും ആളെക്കൂട്ടാന്‍ നടക്കുന്ന മിഷണറിമാര്‍ എന്നും സംഘപരിവാറിന് എതിരാണ്. മിഷണറി പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നിലച്ചാല്‍ കോടികളുടെ ഫണ്ട് ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിവിധ സഭകളിലേക്കെത്തുന്നത് നില്‍ക്കും. ഇത് തിരിച്ചറിഞ്ഞ് ബിജെപി പ്രീണനനയം സഭകള്‍ കൈക്കൊണ്ടതില്‍ ആശ്ചര്യമേതുമില്ല. എന്നാല്‍ ബിജെപിയോ മറ്റു പരിവാര്‍ പ്രസ്ഥാനങ്ങളോ ഇക്കാര്യം തിരിച്ചറിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ നവോത്ഥാന മതിലിന് സഭകള്‍ ആളെ നിരത്തിയപ്പോള്‍ ബിജെപി പ്രേമം മറന്നുപോയവരാണ് ഇന്ന് നിലനില്‍പിനായി പാര്‍ട്ടി ഓഫീസുകളില്‍ അഭയം തേടുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗര്‍ഭിണിയും ശൂലവുമെല്ലാം സഭകള്‍ പുറത്തെടുക്കും. ഒഡീഷയില്‍ കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ മിഷണറിയും വടക്കേ ഇന്ത്യയില്‍ മിഷണറിമാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുമെല്ലാം അവര്‍ സമര്‍ഥമായി തങ്ങളുടെ ഇടവകയില്‍ വിളമ്പും.

അതുവരെ ബിജെപിയെ നെഞ്ചേറ്റി നടന്നവര്‍ അവസാന നിമിഷം കൈവെടിയും. പള്ളിത്തര്‍ക്കങ്ങളിലും സഭാതര്‍ക്കങ്ങളിലും ബിജെപിക്കാര്‍ ഇടപെടേണ്ടി വരുമ്പോള്‍ അവരുടെ തര്‍ക്കങ്ങള്‍ മിക്കതും അവസാനിക്കും. ഇതെല്ലാം കാണാതെ ക്രിസംഘികളെ കൂട്ടാന്‍ നടക്കുമ്പോള്‍ കഥയറിയാതെ ആട്ടം കാണുന്നവരെ ഓര്‍മവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button