വിദേശത്തേക്ക് സാറ്റലൈറ്റ് ഫോണ്‍ വിളി: കര്‍ണാടകയില്‍ റെഡ് അലേര്‍ട്ട്
ബംഗളൂരു: കര്‍ണാടകയില്‍ നിന്നും വിദേശത്തേക്ക് സാറ്റലൈറ്റ് ഫോണ്‍ വിളികള്‍ നടന്നതായി കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് തീരദേശമേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശമേഖലയില്‍ നിന്നു സാറ്റലൈറ്റ് ഫോണ്‍ വിളികള്‍ നടന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ ഭീകരബന്ധം സംശയിക്കുന്നുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളില്‍ 225 കിലോമീറ്റര്‍ നീണ്ടു കിടക്കുന്നതാണ് കര്‍ണാടകയുടെ തീരദേശം. കാര്‍വാറില്‍നിന്നും ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളില്‍ നിന്നുമായി നടന്ന സാറ്റലൈറ്റ് ഫോണ്‍ വിളികളുടെ വിശദാംശങ്ങളാണു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചത്. ഭീകര പ്രവര്‍ത്തനങ്ങളുടെയും നക്സല്‍ സ്വാധീനത്തിന്റെയും പേരില്‍ ഏറെക്കാലമായി കേന്ദ്ര ഏജന്‍സികളുടെ നിരന്തര നിരീക്ഷണമുള്ള പ്രദേശങ്ങളാണിവ.
ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് കൊടും വനമേഖലയായ പശ്ചിമഘട്ടവും അതിരിടുന്നതാണ് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകള്‍. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളോടു ചേര്‍ന്ന് പശ്ചിമഘട്ടത്തിനു മറുവശത്താണു ചിക്കമഗളൂരു. കടലിന്റെയും വനത്തിന്റെയും സാമീപ്യമുള്ളതിനാല്‍ ഈ മേഖല ദേശവിരുദ്ധ-ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുന്നതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിരുന്നു. പശ്ചിമഘട്ട വനമേഖലയാണ് ഇവരുടെ താവളമെന്നാണു നിഗമനം.
കഴിഞ്ഞയാഴ്ചയാണ് ഈ മേഖലകളില്‍നിന്നാണു വിദേശത്തേക്ക് സാറ്റലൈറ്റ് ഫോണ്‍ വിളികള്‍ നടന്നത്. ഫോണ്‍ വിളി നടന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. അടുത്തിടെ ശ്രീലങ്കയില്‍നിന്നു പന്ത്രണ്ടോളം ഭീകരര്‍ മത്സ്യത്തൊഴിലാളികള്‍ എന്ന വ്യാജേന മേഖലയില്‍ എത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു സാറ്റലൈറ്റ് ഫോണ്‍ വിളിയുടെ വിവരങ്ങളും ലഭിച്ചത്.
ഇതോടെയാണ് മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ ഏതാനും നാള്‍ മുന്‍പ് മംഗളൂരുവില്‍നിന്ന് എന്‍ഐഎ രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കലും സഹോദരനുമടക്കം ഉത്തര കന്നഡയിലെ ഭട്കലില്‍ നിന്നുള്ളവരാണ്. ഇതെല്ലാം കാരണമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.