Kerala NewsLatest NewsNewsPolitics

യുവതികളെ തീവ്രവാദികള്‍ സ്വാധീനിക്കുന്നു: സിപിഎം

കൊച്ചി: പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദികള്‍ സ്വാധീനിക്കുന്നുണ്ടെന്ന് സിപിഎം. ലൗജിഹാദ് കോളേജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് പറയാതെ പറയുകയാണ് പാര്‍ട്ടി രേഖ. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കണ്ണടച്ച് ഇല്ലെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി തങ്ങളുടെ സമ്മേളനങ്ങളുടെ ഉദ്ഘാടനത്തിനു പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

സിപിഎം പറയുമ്പോള്‍ അത് മതേതര തീവ്രവാദമാകുമോ എന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടെന്ന് പാര്‍ട്ടി അംഗീകരിച്ചിരിക്കുകയാണ്. വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനുവേണ്ടി ജിഹാദിനെ തള്ളി പറയാതെ പാര്‍ട്ടിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണോ ഇപ്പോള്‍ സിപിഎം കൈക്കൊള്ളുന്നത് എന്ന സംശയം സമൂഹത്തിനുണ്ട്.

ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നു കുറിപ്പിലുണ്ട്. അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണം. മുസ്ലീങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നുണ്ടെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ക്രൈസ്തവരെ പേരെടുത്ത് വിമര്‍ശിക്കുകയാണ് സിപിഎം ചെയ്യുന്നത്.

യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും സിപിഎം പറയുന്നുണ്ട്. താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വര്‍ഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പില്‍ നിര്‍ദേശമുണ്ട്.

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ചര്‍ച്ച ചെയ്യുമ്പോഴാണ് യുവതികളെ തീവ്രവാദികളാക്കാന്‍ ബോധപൂര്‍വശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിപിഎമ്മിന്റെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇതെല്ലാം ചര്‍ച്ചയാകും. മതാചാര്യന്മാര്‍ ജിഹാദിനെ എതിര്‍ക്കുന്നത് വര്‍ഗീയവും പാര്‍ട്ടി എതിര്‍ക്കുന്നത് മതേതരവുമാണെന്നാണ് ഈ കുറിപ്പിലൂടെ സാധാരണക്കാരന് വ്യക്തമാകുക. എന്തായാലും കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്ററാണെന്ന് ഒടുവില്‍ സിപിഎമ്മും സമ്മതിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button