പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് രണ്ടുകോടി പേര്‍ക്ക് വാക്സീന്‍: വിപുലമായ പരിപാടികളുമായി കേന്ദ്രം
പാലക്കാട്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാള്‍. ഇന്നേദിവസം
രാജ്യത്തൊട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കോവിഡ് വാക്സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.
ഒരു ദിവസം രണ്ടുകോടി ആളുകള്‍ക്കു വാക്സീന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതു ലോക റെക്കോര്‍ഡായിരിക്കുമെന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു.
ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വാക്സീന്‍ എടുക്കാത്തവരെ വാര്‍ഡുതലത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധ പ്രവര്‍ത്തകരെയാണു ദേശീയതലത്തില്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
കേരളത്തില്‍ 40,000 പേര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഡോക്ടേഴ്സ്ഡേ ദിവസം 87 ലക്ഷം പേര്‍ക്കും പിന്നീട് ഒരുകോടി പേര്‍ക്കുമാണ് ഇതിനുമുന്‍പ് ഒറ്റദിവസം കൂടുതല്‍ വാക്സീന്‍ നല്‍കിയത്.
കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം മുതല്‍ പാര്‍ട്ടിപ്രവര്‍ത്തകരും സേവാഭാരതിയും ഉള്‍പ്പെടെ സജീവമായി രംഗത്തുണ്ട്. എല്ലായിടത്തും ആവശ്യത്തിലധികം വാക്സീന്‍ കഴിഞ്ഞദിവസം എത്തിച്ചതായി പാര്‍ട്ടി നേതൃത്വം പറയുന്നു. ഒരു വാര്‍ഡില്‍ കുറഞ്ഞത് 50 പേരെയെങ്കിലും വാക്സീന്‍ എടുപ്പിക്കുകയാണു ലക്ഷ്യം.