എല്‍പി ക്ലാസുകള്‍ മുതല്‍ തുറക്കാന്‍ ശുപാര്‍ശയുമായി വിദഗ്ധ സമിതി
തിരുവനന്തപുരം: കേരളത്തില്‍ ലോവര്‍ പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും ആദ്യം തുറക്കാന്‍ സാങ്കേതിക വിദഗ്ധ സമിതി ശുപാര്‍ശ. അടുത്തമാസം മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ചെറിയ കുട്ടികള്‍ക്കു പ്രതിരോധശേഷി കൂടുതലായതിനാലാണ് ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ആദ്യം തുടങ്ങാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
10, 12 ക്ലാസുകാര്‍ പൊതുപരീക്ഷ എഴുതേണ്ടവരാണെന്നതും സമിതി പരിഗണിച്ചിട്ടുണ്ട്. അതിനാലാണ് ഈ ക്ലാസുകള്‍ ആദ്യം തുടങ്ങാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഇന്ന് സുപ്രീംകോടതി വിധി വരുമെന്നാണ് പ്രതീക്ഷ. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ വിധിയില്‍ കോടതി പരാമര്‍ശമുണ്ടാകുമോ എന്നുകൂടി സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. അതിനുശേഷം സമിതിയുടെ ശുപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.
ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയും ഉച്ചകഴിഞ്ഞുമായി പഠിപ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. പകുതി വിദ്യാര്‍ഥികളെയാണ് ഒരേസമയം ക്ലാസില്‍ പ്രവേശിപ്പിക്കുക. കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ആത്മവിശ്വാസത്തിലാണ്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ മാസത്തോടെ ഒരു ഡോസ് കോവിഡ് വാക്സിന്‍ നല്‍കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 50 ശതമാനം പേര്‍ക്കെങ്കിലും രണ്ടു ഡോസും നല്‍കാനുമാകും.
വാക്‌സിനേഷന്‍ പൂര്‍ണമാകുന്നതോടെ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. അതോടെ വിദ്യാലയങ്ങള്‍ തുറക്കാനുള്ള സാഹചര്യമൊരുങ്ങും. ഡല്‍ഹിയില്‍ എല്ലാ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.
ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്നു. തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുശേഷം അടക്കേണ്ടി വന്നു. സിബിഎസ്ഇ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതതു പ്രദേശത്തെ കോവിഡ് വ്യാപനം കണക്കിലെടുത്തുവേണം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നും സിബിഎസ്ഇ പറഞ്ഞിട്ടുണ്ട്.