അന്തര്‍വാഹിനി കരാര്‍ റദ്ദാക്കി; ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്തി ഫ്രാന്‍സ്
അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയ ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഫ്രാന്‍സ്. അപൂര്‍വമായ നടപടിയാണ് ഇതെന്നും എന്നാല്‍ അപൂര്‍വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.യുഎസുമായും യുകെയുമായും ചേര്‍ന്നുള്ള പ്രതിരോധ കരാര്‍ യാഥാര്‍ഥ്യമായതോടെയാണ് ഓസ്ട്രേലിയ ഫ്രാന്‍സുമായുള്ള കരാറില്‍ നിന്ന് പിന്നോട്ടുപോയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമാണ് കരാറില്‍ ഒപ്പുവച്ചത്.
പ്രതിരോധ കരാര്‍ ഒപ്പിട്ടതോടെ യുഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആണവ അന്തര്‍വാഹിനി ഓസ്ട്രേലിയയ്ക്ക് ലഭിക്കും. ഓസ്ട്രേലിയയ്ക്കുവേണ്ടി 12 മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇതോടെ ഫ്രാന്‍സിനു നഷ്ടമായി. പിന്നില്‍നിന്ന് ഏറ്റ കുത്താണ് കരാറെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രിയാന്‍ പ്രതികരിച്ചത്.