സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്: മുഖ്യപ്രതി പിടിയില്‍
പാലക്കാട്: നഗരമധ്യത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച കേസിലെ മുഖ്യപ്രതി മൊയ്തീന്‍ കോയയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മൊയ്തീന്‍ കോയയെ പാലക്കാട് എത്തിച്ചു. പാലക്കാട് നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശി മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിം ബോക്‌സും, ഏഴ് സിം കാര്‍ഡുകളും നിരവധി പേരുടെ തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരന്‍ കണ്ണംപറമ്പ് സ്വദേശി സുലൈമാന്‍ റാവുത്തറെ പോലീസ് ചോദ്യം ചെയ്തു. നീലിപ്പുഴ സ്വദേശി ഷഫീക്കിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം. കോഴിക്കോട്ടെ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടെ സമാന്തര എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.