ആര്‍സിബിക്ക് നിരാശത്തുടക്കം
അബുദാബി: കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആര്‍സിബിക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ കോഹ്‌ലിയുടെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ബാറ്റിംഗ്. 19 ഓവറില്‍ ആര്‍സിബി 92 റണ്‍സാണ് ആകെ സ്‌കോര്‍ ചെയ്തത്. ഓപ്പണറുടെ റോളില്‍ എത്തിയ വിരാട് കോഹ്‌ലി അഞ്ച് റണ്‍സെടുത്ത് പുറത്തായി. പ്രസിദ്ധ് കൃഷ്ണ കോഹ്‌ലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
22 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ ശ്രീകര്‍ ഭരതുമൊന്നിച്ച് ഒരു പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ലോക്കി ഫെര്‍ഗൂസന്‍ ദേവ്ദത്തിനെ കൂടാരം കയറ്റി. ഭരതിനെയും ഡിവില്ലിയേഴ്‌സിനെയും അടുത്തടുത്ത് പുറത്താക്കിയ റസല്‍ ആര്‍സിബിയുടെ സ്‌കോറിംഗിന് തടയിട്ടു. മാക്‌സ്‌വെല്ലിനും കാര്യമായി ഒന്നും ചെയ്യാനായില്ല.
ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയ കേരളത്തിന്റെ സച്ചിന്‍ ബേബിക്കും അവസരം മുതലാക്കാനായില്ല. 17 ബോളില്‍ കേവലം ഏഴു റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്. കൊല്‍ക്കത്തക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗുസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.