മത്തിക്കച്ചവട വാദവും പൊളിയുമോ? ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി
ബംഗളൂരു: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ത്ത് ഇഡി. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും ലഹരികടത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
തന്റെ ബിസിനസിന്റെ മറപിടിച്ചാണ് ബിനീഷ് ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഈ ബിസിനസിന്റെ ലാഭവിഹിതമാണ് ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ദുബായിലും ബംഗളൂരുവിലും ബിനീഷും അനൂപും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ബിനീഷിന്റെ ഡ്രൈവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് സംശയാസ്പദമാണ്. ഇയാളുടെ പേരിലാണ് പല സ്ഥലത്തും ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നും ഇഡി പറയുന്നു.
പച്ചക്കറിയും മത്സ്യവും കച്ചവടം ചെയ്താണ് താന്‍ പൈസയുണ്ടാക്കിയതെന്ന് ബിനീഷ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇത് ശുദ്ധ അസംബന്ധമാണ്. പച്ചക്കറിയും മത്സ്യവും കച്ചവടം ചെയ്താല്‍ ആറു കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ വരുന്നതെങ്ങിനെയെന്ന് ബിനീഷ് ഇഡിയോട് പറഞ്ഞിട്ടില്ല. മാത്രമല്ല ബിസിനസ് ആവശ്യത്തിന് വായ്പ എടുത്താണ് അനൂപിന് പണം നല്‍കിയതെന്നാണ് ബിനീഷ് പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല.
ബി ക്യാപിറ്റല്‍ കമ്പനികളുടെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. മാത്രമല്ല എന്‍സിബി കസ്റ്റഡിയിലുള്ള സുഹാസ് കൃഷ്ണഗൗഡ, സൊനാറ ലോഗോ എന്നിവര്‍ ബിനീഷിന്റെ ലഹരി ഇടപാടിലെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇഡി തങ്ങളുടെ വാദത്തിനിടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇല്ലാത്ത ന്യായങ്ങളും രേഖകളും സൃഷ്ടിക്കുകയാണ് ബിനീഷ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ഇഡി വാദിച്ചു. കര്‍ണാടക ഹൈക്കോടതി കേസ് 23ന് വീണ്ടും പരിഗണിക്കും.