Kerala NewsLatest NewsNewsPolitics

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ ആരോപണവുമായി സീതത്തോട് ബാങ്ക് മുന്‍ സെക്രട്ടറി

പത്തനംതിട്ട: സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ മുഴുവന്‍ നടന്നത് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അറിവോടെയെന്ന് ബാങ്കിന്റെ മുന്‍ സെക്രട്ടറി കെ.യു. ജോസ്. മുന്‍ ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്നും ജോസ് ആരോപിച്ചു. സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് താന്‍ സെക്രട്ടറിയായിരുന്നില്ല. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ല.

സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. സസ്‌പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടും. സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു. 2013 മുതല്‍ 2018 വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. സിപിഎം ആണ് ബാങ്ക് ഭരിക്കുന്നത്.

സെക്രട്ടറി 2013-18 കാലയളവില്‍ 1,62,89,007 രൂപയുടെ തിരിമറി നടത്തിയതായാണ് ഇദ്ദേഹത്തിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ജോസ് നിലവില്‍ സിപിഎം ആങ്ങമൂഴി ലോക്കല്‍ കമ്മിറ്റിയംഗമാണ്. സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു.

ജനീഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ മുന്‍പും ബാങ്കിലെ ക്രമക്കേടുകളുടെ പേരില്‍ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണം നടന്നില്ല. ഒരിക്കല്‍ എത്തിയ സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ അടി കൊള്ളാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കില്‍ ആദ്യം ജീവനക്കാരനായിരുന്ന ജനീഷ് കുമാര്‍ രാജിവച്ച് ഭാര്യയെ നിയമിച്ചു. ഇത് ചട്ടം മറികടന്നായിരുന്നു. ഇതേപ്പറ്റി ലഭിച്ച പരാതി അന്വേഷിക്കാന്‍ ചെന്ന ഉദ്യോഗസ്ഥനെയാണ് ഭീഷണി മുഴക്കി പറഞ്ഞയച്ചത്.

അതിനിടെ ബാങ്കില്‍ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറി കണ്ടെത്തി. സഹകരണ സംഘം രജിസ്ട്രാര്‍ക്കും വിജിലന്‍സിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വടശേരിക്കര യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പരിശോധനയ്ക്ക് ബാങ്കിലെത്തി. അദ്ദേഹത്തിന് നേരെ കൈയേറ്റ ശ്രമവും ഭീഷണിയും ഉണ്ടായി. രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നല്‍കാന്‍ വിസമ്മതിച്ചുവെന്നും 2017 നവംബര്‍ നാലിന് അദ്ദേഹം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ നടപടി ഒന്നുമുണ്ടായില്ല.

ജനീഷ് കുമാര്‍ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചത് 2017 ലാണ്. പ്യൂണായിട്ടായിരുന്നു നിയമനം. ഡിഗ്രി പാസായവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ പ്യൂണ്‍ തസ്തികയില്‍ സ്ഥിര നിയമനം പാടില്ലെന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഇത് നിലനില്‍ക്കുമ്പോഴാണ് ഡിഗ്രി പാസായ എംഎല്‍എയുടെ ഭാര്യയെ നിയമിച്ചത്. നിയമനം ജോയിന്റ് രജിസ്ട്രാര്‍ തടഞ്ഞതോടെ ഡിഗ്രി പാസായിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് അവരെ ജൂനിയര്‍ ക്ലാര്‍ക്കായി നിയമിച്ചു. 10 മാസത്തെ ജെഡിസി കോഴ്‌സ് പാസായതു കൊണ്ടാണ് നിയമനമെന്നാണ് പറഞ്ഞത്. 10 മാസം അവധിയെടുത്ത് കോഴ്‌സിന് പോയതോടെ ഇവരുടെ സീനിയോറിറ്റി നഷ്ടമായിരുന്നു.

സഹകരണ സംഘം പരീക്ഷാ ബോര്‍ഡില്‍ നിന്ന് നാലു പേരെ നിയമിച്ച് കഴിഞ്ഞതിന് ശേഷമേ ഒരു പ്യൂണിന് ജൂനിയര്‍ ക്ലാര്‍ക്കായി സ്ഥാനക്കയറ്റം നല്‍കാവൂ എന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ രാജിവച്ചു. ഇത്രയുമെല്ലാമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button