ഉദ്യോഗസ്ഥരുടെ അവഗണനയില്‍ പൂട്ടാനൊരുങ്ങി ഒരു വീവേഴ്‌സ് സൊസൈറ്റി
കോഴിക്കോട്: പട്ടികജാതിക്കാരുടെ ഉന്നമനത്തിന് കൊയിലാണ്ടി കുറുവങ്ങാട് സ്ഥാപിച്ച മഹാത്മാഗാന്ധി വീവേഴ്‌സ് സൊസൈറ്റി അടച്ചുപൂട്ടലിലേക്ക്. നഗരസഭയുടെ തുടര്‍ച്ചയായ കൈയേറ്റശ്രമവും ഉദ്യോഗസ്ഥരുടെ അവഗണനയുമാണ് സൊസൈറ്റിയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടത്. 1993ല്‍ എം.ടി. പത്മയാണ് സൊസൈറ്റിക്ക് തറക്കല്ലിട്ടത്. 1997ല്‍ മന്ത്രി ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു.
മൂടാടി ഗ്രാമപഞ്ചായത്തിലെയും കൊയിലാണ്ടി നഗരസഭയിലെയും പട്ടികജാതിക്കാരുടെ സാമ്പത്തിക ഉയര്‍ച്ചയ്ക്കായാണ് ഈ നെയ്ത്ത് സൊസൈറ്റി രൂപീകരിച്ചത്. തുടക്കത്തില്‍ പത്ത് സ്ത്രീകള്‍ക്കും തുടര്‍ന്ന് ഇരുപത്തഞ്ച് പേര്‍ക്കും പരീശീലനം നല്‍കി. കണ്ണൂരില്‍ നിന്നാണ് നൂല്‍ വാങ്ങിയിരുന്നത്. നെയ്ത്ത്ശാലയോടൊപ്പം ഡൈ ഹൗസ്, ചായം മുക്കാനും നൂല് പുഴുങ്ങാനുള്ള സംവിധാനം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പുതപ്പ്, ചവിട്ടി, തോര്‍ത്ത്, ടര്‍ക്കി ലുങ്കി എന്നവയാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ആദ്യമൊക്കെ തൊഴിലാളികള്‍ വീടുവീടാന്തരം കയറി വില്‍പന നടത്തിയിരുന്നു. ഉത്പന്നങ്ങളുടെ ഗുണമേന്മ മികച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജീവിക്കാനുള്ള വരുമാനം നെയ്ത്തില്‍ നിന്ന് ലഭ്യമാവാതെ വന്നപ്പോള്‍ തൊഴിലാളികള്‍ മറ്റു തൊഴില്‍ മേഖലകള്‍ തേടിപ്പോയി. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തിക്കൊടുക്കാന്‍ കൊയിലാണ്ടി നഗരസഭയ്ക്ക് ആവുമായിരുന്നെങ്കിലും മഹാത്മാഗാന്ധി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിയെ അവര്‍ പാടെ അവഗണിച്ചു.
പ്രവര്‍ത്തനം നിലച്ച ശേഷം സ്‌കൂള്‍ യൂണിഫോം നെയ്ത്തിനായി അവസരം ലഭിച്ചതോടെ നെയ്ത്ത് പുനരാരംഭിച്ചു. എന്നാല്‍ ഗുണമേന്മയില്ലെന്നാണ് ഇന്‍സ്‌പെക്ഷന്‍ ടീം വിലയിരുത്തിയത്. ഇതോടെ അതും നിലച്ചു. 75 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സൊസൈറ്റി കയ്യടക്കാന്‍ നഗരസഭ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിട്ട് കൊടുക്കാന്‍ ഭരണസമിതി തയ്യാറല്ല. പട്ടികജാതിക്കാരുടെ സ്വത്തായി തന്നെ സ്ഥാപനം നിലനില്‍ക്കണമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് എന്‍. നാരായണന്‍ പറഞ്ഞു. പട്ടികജാതി വ്യവസായവകുപ്പുകളും നഗരസഭയും മുന്‍കൈയെടുത്താല്‍ സ്ഥാപനം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് ഭരണസമിതി ഇപ്പോഴും വിശ്വസിക്കുന്നു.