സസ്‌പെന്‍ഷനില്‍ അവസാനിച്ചില്ല, സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി
തിരുവനന്തപുരം: സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി ചാനല്‍. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് ചാനല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വേണുവിനെ പുറത്താക്കാന്‍ ചാനല്‍ തീരുമാനിച്ചത്. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു.
മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെയാണ് പലരും വിവരം അന്വേഷിച്ചത്. ഇതിനിടെയാണ് സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതും തുടര്‍ന്ന് ചാനല്‍ വേണുവിനെ സസ്‌പെന്‍ഡ് ചെയ്തതുമെല്ലാം പുറത്തുവന്നത്.
പരാതിക്കാരി ഉറച്ച് നിന്നതോടെയാണ് മാനേജ്മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്‍്റെ വനിതാ സെല്‍ വഴിയാണ് മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവര്‍ പിന്നിട് പരാതിയില്‍ ഉറച്ചു നിന്നിരുന്നില്ല.