കേരളത്തിന്റെ ദേശീയോത്സവമെത്തുന്നു, തിങ്കളാഴ്ച
കൊച്ചി: കേരളം വര്‍ഷങ്ങളായി കാത്തിരിക്കുന്ന കേരളീയരുടെ സ്വന്തം ദേശീയോത്സവം എത്തുകയാണ്. ഇടത്-വലത് മുന്നണികള്‍ ഒന്നിച്ചാണ് ഈ ഉത്സവത്തിന് കാര്‍മികത്വം വഹിക്കുന്നത് എന്നതാണ് പ്രത്യേകത. കൊറോണ വ്യാപനത്തിനു മുന്നെയാണ് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ നടന്നത്. അതിനിടെ നിരവധി പ്രശ്‌നങ്ങള്‍ വന്നെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ ആരും മുതിര്‍ന്നില്ല. എന്‍ആര്‍സിയ്‌ക്കെതിരായി 2019 ഡിസംബര്‍ 17നാണ് കേരളത്തില്‍ അവസാനത്തെ ഹര്‍ത്താല്‍ നടന്നത്.
കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഭാരത് ബന്ദിന് പിന്തുണ നല്‍കി ഇടത്- വലത് മുന്നണികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. കര്‍ഷക സമരം രൂപംകൊണ്ട പഞ്ചാബില്‍ അതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിരിക്കുകയാണ്. രാകേഷ് ടിക്കായത്ത് എന്ന കര്‍ഷക ഇടനിലക്കാരന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരം രാജ്യത്തെ ഒട്ടുമിക്ക കര്‍ഷകരും എതിര്‍ക്കുകയാണ്. കേരള സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ സിപിഎമ്മിന് വേറെ വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു നാടകത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കേരളത്തെ വ്യാവസായിക സൗഹാര്‍ദമാക്കാന്‍ അയത്‌നം പ്രയത്‌നിക്കുന്ന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം തന്നെയാണ് ഹര്‍ത്താലിന്റെ മുഖ്യകാര്‍മികര്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഈ ഹര്‍ത്താല്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മാത്രം നടക്കുന്ന സമ്പൂര്‍ണ അടച്ചിടലില്‍ ഇന്ത്യയിലെ കര്‍ഷകനിയമം മാറ്റിയെഴുതുമോ എന്ന കാര്യം അറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യക്കാരെല്ലാവരും.
ഭാരത് ബന്ദ് എന്നുപറഞ്ഞാല്‍ എന്താണെന്നറിയാത്ത കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ എന്തായാലും തിങ്കളാഴ്ച സാധാരണപോലെ പ്രവര്‍ത്തിക്കും എന്ന കാര്യം ഉറപ്പ്. നാട്ടുകാരെ എങ്ങിനെ കുഴപ്പത്തിലാക്കാം എന്ന കേരള രാഷ്ട്രീയക്കാരുടെ പിന്തിരപ്പന്‍ നിലപാടിന്റെ പ്രതിഫലനമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കാലങ്ങളുടെ കാത്തിരിപ്പിനുശേഷം നടക്കുന്ന വിവിധ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ യൂണിവേഴ്‌സിറ്റികളും മറ്റും നിര്‍ബന്ധിതമായിരിക്കുകയാണ്. ഒരു സമൂഹത്തിനെ മുഴുവന്‍ നിശ്ചലാവസ്ഥയില്‍ നിര്‍ത്തി പ്രതിഷേധമറിയിക്കുന്ന മുന്നണികള്‍ സാധാരണക്കാരന്റെ എല്ലാ അവകാശങ്ങളെയും ഹനിക്കുകയാണ്. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ തീര്‍ത്തും നിശബ്ദമാക്കാനുള്ള എല്ലാവഴികളും തേടുമെന്നുറപ്പുള്ളതിനാലാണ് പലരും ഹര്‍ത്താലിനെതിരെ രംഗത്തുവരാതിരിക്കുന്നത്.