അറുപതിനായിരം പിന്നിട്ട് സെന്‍സെക്‌സ്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ചരിത്രനേട്ടം കൈവരിച്ച സെന്‍സെക്‌സ് ആദ്യമായി 60000 പോയിന്റ് പിന്നിട്ടു. ഇന്നലെ 59,885.36 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും ഇന്ന് 18000 പോയിന്റ് പിന്നിട്ടു. ഇന്നലെ 17823 പോയിന്റിലായിരുന്നു നിഫ്റ്റി ക്ലോസ് ചെയ്തത്.
എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് ഓഹരി വിപണി കടുത്ത ഇടിവ് നേരിടുകയാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയെ അതൊന്നും സ്വാധീനിച്ചില്ല. ആഗോളവിപണിയിലെ നേട്ടം ഇന്ത്യന്‍ വിപണിയെ കാര്യമായി സ്വാധീനിച്ചു. പലിശ നിരക്ക് ഉയര്‍ത്തല്‍, ഉത്തേജന പാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാട് നിക്ഷേപകരിലുണ്ടാക്കിയ വിശ്വാസമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. നാസ്ദാക്ക് സൂചിക 1.04 ശതമാനവും ഉയര്‍ന്നു. മിക്കവാറും ഏഷ്യന്‍ സൂചികകളിലും നേട്ടം പ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്ര ധാനമായും നേട്ടത്തില്‍. ഐടി മേഖലയിലെ ഓഹരികളില്‍ രണ്ട് ശതമാനം വളര്‍ച്ചയും ടെലികോം കമ്പനികളുടെ ഓഹരികളില്‍ ഒരു ശതമാനം വര്‍ധനവുമുണ്ട്.