അഫ്ഗാനില്‍ കട്ടിംഗിനും ഷേവിംഗിനും നിയന്ത്രണം
കാബൂള്‍: താലിബാന്‍ ഭരണം വീണ്ടും വന്നതോടെ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ അനുദിനം ദുരിതക്കയത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന താലിബാന്‍ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ ക്ലീന്‍ ഷേവ് ചെയ്യുന്നതിനും താടി പറ്റെ എടുക്കുന്നതിനും താലിബാന്‍ ഭീകരര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
മുടിയിലും അധികം പരീക്ഷണങ്ങള്‍ വേണ്ടെന്നാണ് താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹില്‍ വച്ച് താലിബാന്‍ പ്രതിനിധികള്‍ സലൂണുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദി ഫ്രോണ്ടിയര്‍ പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സലൂണുകളില്‍ സംഗീതം കേള്‍പ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അമേരിക്കന്‍ ആക്രമണത്തിന് മുന്‍പ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ കിരാത ഭരണം തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്ത് വരുന്നത്.
കൈവെട്ടും വധശിക്ഷയും തിരികെ വരുമെന്ന് താലിബാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നാലു പേരുടെ വധശിക്ഷ താലിബാന്‍ നടപ്പിലാക്കി. തട്ടിക്കൊണ്ട് പോയതിനാണ് ശിക്ഷ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.