സ്വപ്‌നയും മോന്‍സണും ഒരേ ചങ്ങലയിലെ കണ്ണികളോ?
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തി സര്‍ക്കാരിനെ ആകെ പ്രതിക്കൂട്ടിലാക്കിയ സ്വപ്‌ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലെന്ന സംശയം ഉയരുന്നു. ഇക്കാര്യത്തില്‍ സംശയമുയര്‍ത്തി ജനം ടിവി നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സ്വപ്‌നയെ ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ച ഉന്നതനെക്കുറിച്ച് നിരവധി സംശയങ്ങള്‍ ആ സമയത്ത് ഉയര്‍ന്നിരുന്നു.
കോവിഡ് വ്യാപനം മൂലം അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. ഇതിനിടയില്‍ കാറില്‍ നിന്നും സ്വപ്‌ന ഒരു മലയാളം ചാനലിന് തന്റെ ശബ്ദരേഖ നല്‍കിയിരുന്നു. ഈ ശബ്ദരേഖ പുറത്തുവിട്ട ചാനലിലെ ലേഖകന്‍ അതിനു തൊട്ടുമുന്‍പ് വിളിച്ചത് മോന്‍സണ്‍ മാവുങ്കലിനെയാണ്. ഫോണ്‍ രേഖകള്‍ അടക്കം ശേഖരിച്ചത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണെന്നും ജനം ടിവി പറയുന്നു.
എന്നാല്‍ ഇത് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും വിവരം ഒതുക്കിയതിന് പിന്നില്‍ ഉന്നത ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ടെന്നു ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു. തനിക്കുള്ള ഉന്നത പോലീസ് ബന്ധം ഉപയോഗപ്പെടുത്തി മോന്‍സണ്‍ വീട്ടില്‍ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്‌നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വപ്ന സുരേഷ് മാവുങ്കലിന്റെ ചേര്‍ത്തലിയിലെ വീട്ടിലോ കൊച്ചയിലെ പുരാവസ്തുക്കള്‍ക്കിടയിലോ ആണ് ഒളിച്ചു താമസിച്ചതെന്ന് വേണം അനുമാനിക്കാനെന്ന് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണക്കടത്ത് പിടിച്ചതിനുപിന്നാലെ സ്വപ്‌നയും സംഘവും തലസ്ഥാനത്തുനിന്ന് കടന്നിരുന്നു. ഇവര്‍ കൊച്ചിയിലേക്ക് പോയതായി പോലീസിന് വിവരം ലഭിക്കുകയും ചെയ്തു. എന്നിട്ടും ഇവരെ പിടിക്കാന്‍ പോലീസ് മിനക്കെട്ടില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് റോഡില്‍ രാവും പകലും പോലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് സ്വപ്‌നയും സംഘവും കടന്നത്.
ഇതാണ് സംശയത്തിന് ഇടനല്‍കിയത്. സ്വപ്‌നയും കൂട്ടരും കൊച്ചിയിലേക്ക് കടന്നതെന്ന് വാര്‍ത്തവന്നപ്പോള്‍ നഗരത്തില്‍ പേരിനൊരു പരിശോധന മാത്രമാണ് കൊച്ചി സിറ്റി പോലീസ് നടത്തിയത്. ഒരു പേടിയും കൂടാതെ ഒളിവില്‍ പാര്‍ക്കാന്‍ കഴിയുന്ന സുരക്ഷിത താവളമാണ് മോന്‍സന്റെ വീട്. അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സുരക്ഷാ ജീവനക്കാരുടെ വന്‍ പടയും. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ബീറ്റ് ബോക്‌സ് അടക്കം മോന്‍സണിന്റെ വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സംശയം തോന്നിയാലും പോലീസുകാര്‍ക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താനാവുകയുമില്ല.
മുന്‍ ഡിജിപിയോടുള്ള മോന്‍സണിന്റെ ബന്ധം പുറത്തായതോടെയാണ് ഇത്തരത്തിലൊരു സംശയത്തിന് ശക്തിപകരുന്നത്. എന്തായാലും രാഷ്ട്രീയ- പോലീസ്- മാധ്യമ ബന്ധങ്ങള്‍ മോന്‍സണും സംഘവും വിദഗ്ധമായി ഉപയോഗിച്ച് തട്ടിപ്പുകളും കള്ളക്കടത്തുമെല്ലാം നടത്തി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.