രാകേഷ് ടിക്കായത്ത്: ഒരു ട്രബിള്‍ ഷൂട്ടറോ അതോ ടെറിബിള്‍ ഷൂട്ടറോ
ന്യൂഡല്‍ഹി: കര്‍ഷക സമരം ആരംഭിച്ചതുമുതല്‍ പ്രമുഖ നേതാവായി വളര്‍ന്നുവന്നയാളാണ് രാകേഷ് ടിക്കായത്ത്. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തലവേദന സൃഷ്ടിച്ച ടിക്കായത്ത് ഒരു കര്‍ഷകന്‍ എന്നതിലുപരി കാര്‍ഷിക വിളകളുടെ വില്‍പന ഇടനിലക്കാരന്‍ എന്ന നിലയിലാണ് ശ്രദ്ധേയനായത്.
കോടികളുടെ ആസ്തിയുള്ള ടിക്കായത്ത് ഭാരതീയ കിസാന്‍ യൂണിയന്റെ അഖിലേന്ത്യ നേതാവാണ്. യുപിയിലെ മുസാഫര്‍ നഗറാണ് സ്വദേശം. മുന്‍പ് ഡല്‍ഹി പോലീസില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള രാകേഷ് ടിക്കായത്ത് കാര്‍ഷികവിളകളുടെ അംഗീകൃത ബ്രോക്കര്‍മാരായി വിലസുന്ന മണ്ഡികള്‍ ഇല്ലാതാവുമെന്ന് കണ്ടതോടെ സമരവുമായി രംഗത്തെത്തുകയാണുണ്ടായത്.
കാര്‍ഷിക വിളകള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് (താങ്ങുവില) നിയമപരമാക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തി കാര്‍ഷിക ബില്ലിനെ നേരിടാനാണ് അദ്ദേഹം രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് ഉത്തരേന്ത്യയില്‍ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. എന്നാല്‍ ടിക്കായത്തിന്റെ ആത്മാര്‍ഥതയും കാര്‍ഷിക സ്‌നേഹവും ഇപ്പോള്‍ ചോദ്യചിഹ്നമായിരിക്കുകയാണ്. യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക കൊലപാതകത്തില്‍ യോഗി സര്‍ക്കാരിന്റെ ട്രബിള്‍ ഷൂട്ടറായി രംഗത്തെത്തിയത് രാകേഷ് ടിക്കായത്താണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.
ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം ഇടിച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കര്‍ഷക കുടുംബങ്ങള്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹങ്ങളുമായി പ്രതിഷേധിക്കാനായിരുന്നു കര്‍ഷകരുടെ തീരുമാനം. എന്നാല്‍ രാകേഷ് ടിക്കായത്തും പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചര്‍ച്ചയിലെ തീരുമാനം വിശദീകരിക്കാന്‍ രാകേഷ് ടിക്കായത്ത് എല്ലാ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തി. വെടിയേറ്റാണ് മരിച്ചതെന്ന് കുടുംബം ആരോപിച്ചതിനാല്‍ ഗുര്‍വീന്ദര്‍ സിംഗിന്റെ മൃതദേഹം രണ്ടാമത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ മാറ്റി. മറ്റ് മൂന്ന് കര്‍ഷകരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകുന്നേരം ടിക്കായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്‌കരിച്ചു. കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകനായ രാമന്‍ കശ്യപിന്റെ കുടുംബത്തെ ടിക്കായത്ത് സന്ദര്‍ശിക്കുകയും ചെയ്തു. തിങ്കളാഴ്ച യുപിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറുമായി ടിക്കായത്ത് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ടിക്കായത്ത് പറയുന്നത്. ഇതോടെ പ്രതിപക്ഷപാര്‍ട്ടികള്‍ ടിക്കായത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകസമരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ടിക്കായത്തിനെ മുന്‍നിര്‍ത്തി ഹൈജാക്ക് ചെയ്യുകയാണെന്ന് അവര്‍ ആരോപിക്കുന്നു. ഇതോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ടെറിബിള്‍ ഷൂട്ടറായി കണ്ട രാകേഷ് ടിക്കായത്തിനെ ട്രബിള്‍ ഷൂട്ടറാക്കി ഹൈലൈറ്റ് ചെയ്യുന്നത്.