വെര്‍ച്വല്‍ ക്യൂവില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂവില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി. വെര്‍ച്വല്‍ ക്യൂവില്‍ അല്ലാതെയും ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പലകോണില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ നടന്ന അവലോകനയോഗത്തില്‍ പിണറായി വിജയന്‍ ഈ ആവശ്യം തള്ളിക്കളയുകയാണ് ചെയ്തത്. പന്തളം കൊട്ടാരത്തിലെ പ്രതിനിധികളെ ഇരുത്തിത്തന്നെയാണ് മുഖ്യമന്ത്രി വെര്‍ച്വല്‍ ക്യൂവില്‍ നിലപാട് പ്രഖ്യാപിച്ചത്.
ശബരിമലയില്‍ ആരും ഇടപെടേണ്ട എന്ന സന്ദേശം വ്യക്തമായി നല്‍കുകയാണ് പിണറായി ഇതിലൂടെ ചെയ്തത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരകാലത്തുതന്നെ വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ദര്‍ശനം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഹൈന്ദവസംഘടനകള്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നതോടെ വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാക്കി. ആരോഗ്യപ്രോട്ടോക്കോളിന്റെ പേരില്‍ നടത്തിയ ഈ നീക്കം തുടരുകതന്നെ ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വെര്‍ച്വല്‍ ക്യൂ തങ്ങള്‍ ഒരുക്കാമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാഗ്ദാനം സര്‍ക്കാര്‍ അപ്പാടെ തള്ളി. പോലീസിന്റെ ഐടി വിഭാഗമാണ് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നത്. ശബരിമലയില്‍ ആരൊക്കെ ദര്‍ശനത്തിനെത്തുന്നുണ്ടെന്ന എല്ലാ ഡേറ്റയും ഇതിലൂടെ പോലീസിന് ലഭിക്കും. ഈ സീസണില്‍ ദിനംപ്രതി 25000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാനാണ് തീരുമാനം. ഇതിലൂടെ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുത്തനെ ഇടിയുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും അതിനെയും മുഖ്യമന്ത്രി അവഗണിക്കുകയാണ് ചെയ്തത്. 10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിനു മുകളിലുള്ളവര്‍ക്കും ദര്‍ശനത്തിന് അനുമതി നല്‍കും. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ദര്‍ശനം നടത്താം. എന്നാല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗതമന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണ്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍,ഡയറക്ടര്‍മാര്‍, ജില്ല കലക്ടര്‍മാര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. വാസു, റെയില്‍വേ – ബിഎസ്എന്‍എല്‍ അധികൃതര്‍, മുനിസിപാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, അയ്യപ്പസേവാ സംഘം, പന്തളം രാജകൊട്ടാരം നിര്‍വ്വാഹക സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.