സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയ കോഫെപോസ റദ്ദാക്കി
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പ്രതി സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. മതിയായ തെളിവുകളും കാരണങ്ങളുമില്ലാതെയാണ് സ്വപ്‌നയ്‌ക്കെതിരെ കോഫെപോസ ചുമത്തിതെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ ബഞ്ച് പറഞ്ഞു.
സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മാത്രമേ കോഫെപോസ വകുപ്പ് ചുമത്താന്‍ കഴിയൂ. സ്വപ്‌നയ്‌ക്കെതിരെയുള്ള ആദ്യത്തെ സ്വര്‍ണക്കടത്ത് കേസാണിത്. സ്വപ്‌ന മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഇതുവരെയും തെളിയിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ സ്വപ്‌നയെ കോഫെപോസ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാനാവില്ല. എന്നാല്‍ ഈ കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെതിരെ കോഫെപോസ ചുമത്തിയത് നിലനില്‍്ക്കുമെന്ന് കോടതി പറഞ്ഞു.
സ്വപ്‌നയുടെ അമ്മയാണ് സ്വപ്‌നയ്‌ക്കെതിരെ കോഫെപോസ ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോഫെപോസ ചുമത്തിയത് റദ്ദാക്കിയെങ്കിലും സ്വപ്‌നയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാനാവില്ല. സ്വപ്‌നയ്‌ക്കെതിരെ എന്‍ഐഎ എടുത്ത കേസില്‍ ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.