പ്രശാന്ത് കിഷോറും കൈയൊഴിയുന്നു; കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആരുമില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് അവസാനശ്വാസം നല്കാന് സ്വയം ഒരുങ്ങിയിറങ്ങിയ പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പടിയിറങ്ങുന്നു. കടലില്‍ ചാടിയും റോഡ് വൃത്തിയാക്കിയും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നെഹ്റു കുടുംബത്തിലെ സഹോദരരുടെ ഉദാസീനതയാണ് പ്രശാന്തിന്റെ മനം മടുപ്പിച്ചിരിക്കുന്നത്. ഇങ്ങിനെ പോയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒന്നും നേടാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രശാന്ത്.
ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ നടന്ന കൂട്ടക്കൊലപാതകത്തില്‍ ഒന്നു പ്രതികരിക്കാന്‍ പോലും കെല്പില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്ന് പ്രശാന്ത് വിലയിരുത്തിയിരിക്കുകയാണ്. ലഖിംപൂര്‍ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മുത്തശ്ശി പാര്‍ട്ടിയുടെ ഉയിര്‍പ്പ് നോക്കിക്കാണുന്നവര്‍ വലിയ നിരാശയിലാവുമെന്ന് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.
ബംഗാളില്‍ തൃണമൂലിനെ അധികാരത്തിലെത്തിച്ചശേഷം തിരഞ്ഞെടുപ്പു തന്ത്രജ്ഞനെന്നനിലയിലുള്ള ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രശാന്ത് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോണ്‍ഗ്രസില്‍ ചേരുന്നതിനായി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചകളും തുടങ്ങി. എന്നാല്‍, പ്രശാന്തിനെ നേരിട്ട് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമാക്കി പാര്‍ട്ടിയില്‍ കൊണ്ടുവരുന്നതില്‍ മുതിര്‍ന്ന പല നേതാക്കളും ജി-23 നേതാക്കളും എതിര്‍ത്തു. ഇതോടെ തീരുമാനം വൈകി.
കോണ്‍ഗ്രസിന്റെ പുനരുദ്ധാരണകാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം പ്രശാന്ത് രാഹുലുമായുള്ള ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു. ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയുടെ പുനരുദ്ധാരണത്തിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു വാദം. എന്നാല്‍ ഉത്തര്‍പ്രദേശിന്റെ ഫലം മെച്ചപ്പെടുത്തുന്നകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് രാഹുല്‍ തയ്യാറായില്ല. സഹോദരിയായ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു രാഹുലിന്റെ ലക്ഷ്യം. എന്നാല്‍ യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കുക കോണ്‍ഗ്രസിന് അസാധ്യമാണെന്ന നിലപാടിലാണ് പ്രശാന്ത്.
ചെറിയ ഗമ്മിക്കുകളിലൂടെ ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയില്ലെന്ന പ്രശാന്തിന്റെ ഉപദേശം നെഹ്റു കുടുംബം തള്ളിക്കളയുകയാണ്. രാഹുലിനേയും മമത ബാനര്‍ജിയേയും ശരത് പവാറിനേയും മുന്നില്‍ നിര്‍ത്തിയുള്ള പ്രതിപക്ഷ ബദലാണ് പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചത്.
നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉപദേശകനാണ് ഇപ്പോള്‍ പ്രശാന്ത്. പാര്‍ട്ടിക്ക് പ്രശാന്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്റു കുടുംബവും. കുടുംബസ്വത്തില്‍ കൈയിട്ടുവാരാന്‍ പുറത്തുനിന്നൊരാള്‍ വേണ്ടെന്ന നിലപാട് മോദിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന് വേഗം കൂട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.