മമതയ്‌ക്കെതിരെ നിശിതവിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരും നേതാക്കളും അനുദിനം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ വിറളി പൂണ്ടാണ് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി മമതയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ മമത കോണ്‍ഗ്രസ് ആക്കി മാറ്റുകയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിക്കുന്നത്. ബിജെപിയെ എതിര്‍ക്കാന്‍ മമതയെയും കൂട്ടുപിടിച്ച് മുന്നണിയുണ്ടാക്കണമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞതുപോലും കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനായിട്ടില്ല. അതിനിടയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി മമതയെ കടന്നാക്രമിച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമതയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ചും ആകര്‍ഷിച്ചും കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് (എം) ആക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ മോദിയുടെ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമായി മമത മാറുകയാണ്. പ്രതിപക്ഷ സഖ്യത്തില്‍ മമത കുഴപ്പങ്ങളുണ്ടാക്കുകയാണ്. കോണ്‍ഗ്രസില്‍ മമതയെ ഉയര്‍ത്തിക്കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎയില്‍ മമതയ്ക്ക് മന്ത്രിപദം ലഭിച്ചു.
ഇപ്പോള്‍ അതേ വ്യക്തി, തന്റെ രാഷ്ട്രീയതാത്പര്യത്തിനു വേണ്ടി കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് കുത്തുകയാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. അസം, ഗോവ, മേഘാലയ പോലുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ആയിരുന്നു ചൗധരിയുടെ പ്രതികരണം.