തീവ്രവാദത്തിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണവുമായി ഇസ്ലാമിക് സ്റ്റേറ്റ്
ന്യൂഡല്‍ഹി: തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണവുമായി ഇസ്ലാമിക് സ്റ്റേറ്റ്. വോയ്‌സ് ഓഫ് ഹിന്ദ് എന്ന പ്രസിദ്ധീകരണമാണ് ഇസ്ലാമിക് സ്റ്റേറ്റ് ആരംഭിച്ചത്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലെത്തിക്കാന്‍ 2020 ഫെബ്രുവരി മുതലാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. ഓണ്‍ലൈനിലൂടെയും സമൂഹമാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകള്‍ വഴിയുമാണ് വോയ്‌സ് ഓഫ് ഹിന്ദ് പ്രചരിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ നമ്പറുകള്‍ വഴിയാണ് പ്രസിദ്ധീകരണത്തിലെ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതെന്നും വ്യക്തമായതായി എന്‍ഐഎ പറഞ്ഞു. ഇതേക്കുറിച്ച് സൂചന കിട്ടിയതോടെ ജമ്മു കശ്മീരില്‍ 18 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. റെയ്ഡില്‍ അനന്തനാഗിലെ അച്ചാബാലില്‍ നിന്ന് മൂന്ന് ഐഎസ് അനുകൂലികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉമര്‍ നിസാര്‍, തന്‍വീര്‍ അഹമ്മദ് ഭട്ട്, റമീസ് ലോണ്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
മൂന്നുപേരും ഐഎസ് മാധ്യമവിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ്. ഉമര്‍ നിസാര്‍ ഇന്ത്യയിലെ ഐഎസ്എച്ച്പിയുടെ അമീര്‍ ആണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തകരും അഫ്ഗാന്‍- പാക്ക് ആസ്ഥാനമായുള്ള ഐഎസ് അനുകൂലികളും തമ്മിലുള്ള കണ്ണിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
2017 മുതല്‍ ഇയാള്‍ അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സുപ്രധാന ഉദ്യോഗസ്ഥരുമായും ഐഎസിലെ പ്രമുഖനായ ഐജാസ് അഹാംഗറുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ബംഗ്ലാദേശിലെയും മാലിദ്വീപിലെയും ഐഎസ് അനുകൂലികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.