Kerala NewsLatest NewsNewsPolitics

നിയമസഭ കക്ഷി യോഗത്തില്‍ ശിവന്‍കുട്ടിക്കും റിയാസിനും രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം നിയമസഭ കക്ഷിയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷവിമര്‍ശനം. എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കനുസരിച്ച് പ്ലസ് വണ്‍ സീറ്റുണ്ടോ എന്ന് സിപിഎം എംഎല്‍എമാര്‍ ശിവന്‍കുട്ടിയോട് ചോദിച്ചു.

സീറ്റുകള്‍ ഉറപ്പാക്കാന്‍ വകുപ്പ് മന്ത്രിക്ക് സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു. ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് മന്ത്രിയോട് എംഎല്‍എമാര്‍ നിര്‍ദേശിച്ചു. കരാറുകാരെയും കൂട്ടി എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് എത്തുന്നതിനെ എതിര്‍ത്ത മന്ത്രി മുഹമ്മദ് റിയാസിനെയും യോഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുത്.

ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവയ്ക്കുമെന്നായിരുന്നു മന്ത്രി റിയാസ് നിയമസഭയില്‍ പറഞ്ഞത്. പരാമര്‍ശം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എംഎല്‍എമാര്‍ക്ക് കരാറുകാര്‍ ഉള്‍പ്പടെയുള്ളവരെ ബന്ധപ്പെടേണ്ടി വരുമെന്നും ചിലപ്പോള്‍ അവരുമായി മന്ത്രിയെ കാണേണ്ടി വരുമെന്നും എംഎല്‍എമാര്‍ പറഞ്ഞു.

എതിര്‍പ്പ് ശക്തമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രി വിശദീകരിച്ച് തടിയെടുത്തു. മന്ത്രിസ്ഥാനം ഉറപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട തലശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ മന്ത്രിയാവാന്‍ പറ്റാത്തതിന്റെ ഖേദം നിയമസഭ കക്ഷി യോഗത്തില്‍ തീര്‍ത്തു. യോഗത്തില്‍ വിമര്‍ശനത്തിന് തുടക്കമിട്ടത് ഷംസീറാണ്. കഴിഞ്ഞതവണ മന്ത്രിയാവുകയും ഇത്തവണ ആ സ്ഥാനം നഷ്ടപ്പെട്ട് വെറും എംഎല്‍എ ആയി ഇരിക്കേണ്ടിയും വന്ന കടകംപള്ളി സുരേന്ദ്രനും വിമര്‍ശനം ഏറ്റുപിടിക്കാന്‍ കെ.വി. സുമേഷിനോടൊപ്പം മുന്നില്‍ നിന്നു.

അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരും അധികാരം കൊതിച്ച് കിട്ടാത്തവരും കൂടി നിയമസഭ കക്ഷിയോഗം വിമര്‍ശനത്തിന്റെ പടനിലമാക്കിയതോടെ മുന്‍ മന്ത്രിയും നിയമസഭ കക്ഷി സെക്രട്ടറിയുമായ ടി.പി. രാമകൃഷ്ണന്‍ മുന്നിട്ടറങ്ങി രംഗം ശാന്തമാക്കി. അധികാരത്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ തമ്മിലടിക്കുന്ന അവസ്ഥ പുറത്തറിയുന്നത് ആദ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button