മോന്‍സണിന്റെ പുരാവസ്തു തട്ടിപ്പുകള്‍ അനിതയ്ക്ക് അറിയാമായിരുന്നു: അജി
കൊച്ചി: അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് അനിത പുല്ലയിലിന് അറിയാമായിരുന്നെന്ന് അജി. മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവറാണ് അജി. മോന്‍സണിന്റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങലാണെന്ന് അനിത പുല്ലയിലിനോട് മോന്‍സണിന്റെ മുന്‍ മാനേജര്‍ പറഞ്ഞിരുന്നുവെന്നാണ് അജി പറയുന്നത്.
തട്ടിപ്പ് മനസിലാക്കിയ ശേഷവും അനിത മോന്‍സണുമായുള്ള സൗഹൃദം തുടര്‍ന്നു. രാജകുമാരിയില്‍ വച്ച് നടന്ന മോന്‍സണിന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മാത്രമല്ല മോന്‍സണിന്റെ വീട്ടില്‍ അനിത ഒരാഴ്ച തങ്ങുകയും ചെയ്തിരുന്നു. പ്രവാസി ഫെഡറേഷന്‍ ഭാരവാഹികളുടെ ഓഫീസ് ആയി മോന്‍സണിന്റെ മ്യൂസിയം പ്രവര്‍ത്തിച്ചു.
മോന്‍സണിന് വിദേശമലയാളികളെ പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി സ്ഥിരീകരിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണിന് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയില്‍ പറഞ്ഞിരുന്നു. അനിത മോന്‍സണ്‍ മാവുങ്കലുമായി തെറ്റിയതിനുശേഷം ഐജി ലക്ഷ്മണയുമായി നടത്തിയ ചാറ്റ് ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.