കനത്തമഴയില്‍ കെഎസ്ആര്‍ടിസി വെള്ളത്തില്‍ മുങ്ങി
കോട്ടയം: ഇന്നലെ മുതല്‍ കേരളത്തിന്റെ വിവിധയിടങ്ങളിലായി മഴ കനത്തതോടെ അപകടങ്ങളും തുടങ്ങി. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു സമീപത്തുവച്ചാണ് ബസ് വെള്ളത്തില്‍ മുങ്ങിയത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്കു പോവുകയായിരുന്ന ബസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്.
ബസിന്റെ പകുതിയിലേറെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. കനത്തമഴ തുടരുന്നതിനിടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേക്ക് കയറിയതിനെത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്. ഈരാറ്റുപേട്ട- പാലാ റോഡിലും വെള്ളം കയറിയിട്ടുണ്ട്.