ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് ഒന്നര പതിറ്റാണ്ട്
വശ്യമായ സൗന്ദര്യവും അഭിനയത്തികവും കൊണ്ട് കേരളക്കരയെ കൈയിലെടുത്ത സിനിമാതാരം ശ്രീവിദ്യ വിടപറഞ്ഞ് 15 വര്‍ഷമായി. വെള്ളിത്തരയിലെ ശ്രീ തന്നെയായിരുന്നു ശ്രീവിദ്യ. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്നും ശ്രീവിദ്യ. പഞ്ചവടിപ്പാലത്തിലെ മണ്ഡോദരി മുതല്‍ അനിയത്തിപ്രാവിലെ അമ്മ കഥാപാത്രം വരെ ശ്രീവിദ്യയുടെ കഥാപാത്രങ്ങള്‍ മലയാളിയുടെ ഓര്‍മയില്‍ നിന്നും മാഞ്ഞുപോവുകയില്ല.
ഒരു കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം. 1953 ജൂലൈ 24ന് ആര്. കൃഷ്ണമൂര്‍ത്തിയുടെയും എം.എല്‍. വസന്തകുമാരിയുടെയും മകളായി മദ്രാസിലായിരിുന്നു ശ്രീവിദ്യയുടെ ജനനം. ശ്രീവിദ്യയുടെ അമ്മ വസന്തകുമാരി സംഗീതജ്ഞയായിരുന്നു. അതുകൊണ്ടുതന്നെ നൃത്തവും സംഗീതവുമെല്ലാം ശ്രീവിദ്യയ്ക്ക് ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്വര് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അഭ്രപാളികളിലെ തന്റെ പകര്‍ന്നാട്ടത്തിന് ശ്രീവിദ്യ തുടക്കം കുറിച്ചത്.
1969ല്‍ തന്റെ 16ാം വയസില്‍ ശ്രീവദ്യ ചട്ടമ്പിക്കവലയില്‍ സത്യന്റെ നായികയായി മലയാള സിനിമയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സില്‍ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. കുമാരസംഭവം, ചെണ്ട, അരക്കള്ളന്‍ മുക്കാല്‍കള്ളന്‍, അയലത്തെ സുന്ദരി, രാജഹംസം തുടങ്ങിയ മികവാര്‍ന്ന ചിത്രങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തെ കീഴടക്കി.
സത്യന്- ശാരദ, നസീര്‍- ഷീല ജോഡികള്‍ പോലെ മലയാളം നെഞ്ചിലേറ്റിയ താരജോഡികളായിരുന്നു മധുവും ശ്രീവിദ്യയും. മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പ്രവേശിച്ചതിന്റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നാമത്തെയും വാര്‍ഷികങ്ങള്‍ സംസ്ഥാന അവാര്‍ഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. 1979ല്‍ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1983ല്‍ രചന, 1992-ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു.
അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയുമായി അവര്‍. പിന്നീട് ഒരു പൈങ്കിളിക്കഥയിലെ ആനകൊടുത്താലും കിളിയേ എന്ന ചിത്രത്തില്‍ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിലും അവര്‍ പിന്നണിഗായികയായി മലയാളികളെ വിസ്മരിപ്പിച്ചു. മലയാളത്തില്‍ തിരക്കുള്ള നടിയായി മുന്നേറുന്നതിനിടയിലും തമിഴകത്തെ ശ്രീവിദ്യ മറന്നില്ല .രജനീകാന്തും കമലഹാസനും മത്സരിച്ചഭിനയിച്ച അപൂര്‍വരാഗങ്ങളില്‍ നായികയായി ശ്രീവിദ്യ തിളങ്ങി.
കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു. മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയല്‍ രംഗത്തും സജീവമായിരുന്നു. 2004ലെ അവിചാരിതം എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ് ശ്രീവിദ്യക്ക് ലഭിച്ചു. മധുവിനോടൊത്ത് തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കവേ ഇതിന്റെ നിര്‍മാതാവായിരുന്ന ജോര്‍ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. 1979ല്‍ ഇവര്‍ വിവാഹിതരായി.
ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലില്‍ വിവാഹമോചനത്തില്‍ അവസാനിച്ചു. കാന്‍സര്‍ ബാധിച്ച് ദീര്‍ഘകാലം ചികിത്സയിലായിരുന്ന ശ്രീവിദ്യ 2006 ഒക്ടോബര്‍ 19ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ച് അന്തരിച്ചു. 53 വയസായിരുന്നു അവര്‍ക്ക് അപ്പോള്‍. അമ്മത്തമ്പുരാട്ടി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ. മരണശേഷം ഒട്ടേറെ സിനിമകളില്‍ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കില്‍ പോലും ശ്രീവിദ്യയുണ്ട്.