കാക്കനാട്ടില്‍ ഹോട്ടല്‍ സംരംഭകയ്ക്കു നേരെ ആക്രമണം
കൊച്ചി: ഹോട്ടല്‍ സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. ഇന്നലെ ഇന്‍ഫോപാര്‍ക്കിനടുത്തുള്ള ഫുഡ്മോളില് വച്ചാണ് തന്നെ ആക്രമിച്ചതെന്ന് തുഷാര ആശുപത്രിയില്‍ നിന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. പാലാരിവട്ടത്ത് നന്ദൂസ് കിച്ചന് എന്ന പേരില്‍ നിലവില്‍ അവര്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ട്. നോ ഹലാല്‍ ഫുഡ് എന്നാണ് തുഷാര തന്റെ ഹോട്ടലിന്റെ പ്രത്യേകതയായി എടുത്തുകാട്ടിയിരുന്നത്.
ഇന്‍ഫോപാര്‍ക്കിനടുത്ത് ആരംഭിച്ച ഹോട്ടലില്‍ പുതിയതായി എത്തിയ കടക്കാരുടെ നേതൃത്വത്തിലാണ് തന്നെ ആക്രമിച്ചത് എന്നാണ് തുഷാര പറയുന്നത്. തുഷാരയുടെ ഹലാല്‍ വിരുദ്ധ ഭക്ഷണം എന്ന ടാഗ് ലൈന്‍ ഏറെ ശ്രദ്ധനേടിയിരുന്നതാണ്. അവരുടെ ഹലാല്‍ വിരുദ്ധ നിലപാട് ശ്രദ്ധേയമായതോടെ നന്ദൂസ് കിച്ചന് തേടി കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി. തിരക്കും ആവശ്യക്കാരും ഏറിയതോടെ തുഷാര വിവിധ സ്ഥലങ്ങളില്‍ തന്റെ ഹോട്ടലിന് ശാഖകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയാണുണ്ടായത്.
ഇവര്‍ക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ പോലീസും ആക്രമിക്കാന്‍ വന്നവരുടെ കൂടെ നിന്നെന്ന് ഫെയ്സ്ബുക്കിലൂടെ തുഷാര ആരോപിച്ചു. തന്റെ ഹോട്ടലില്‍ പോര്‍ക്ക് വിളമ്പിയതാണ് ആക്രമണത്തിനു കാരണമായി തുഷാര പറയുന്നത്. കാക്കനാട് സിവില്‍ സ്റ്റേഷനടുത്തുള്ള തൃക്കാക്കര മുനിസിപ്പല്‍ കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിലാണ് തുഷാര ചികിത്സ തേടിയിരിക്കുന്നത്. അവിടെ നിന്നും ഡിസ്ചാര്‍ജ് വാങ്ങാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുന്നുവെന്നും തുഷാര ഫെയ്സ്ബുക്ക് ലൈവില്‍ ആരോപിച്ചു.