കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തിരുവനന്തപുരം: എല്ലാ കാര്യത്തിലും നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു. ശിശുക്ഷേമ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് വരെ കേരളത്തില്‍ 45 ശൈശവ വിവാഹങ്ങള്‍ നടന്നുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം 41 ശൈശവ വിവാഹങ്ങളാണ് നടന്നത്.
കേരളം പുരോഗമിക്കുന്നു എന്ന അവകാശപ്പെടുമ്പോള്‍ വര്‍ധിക്കുന്ന ശൈശവ വിവാഹങ്ങളുടെ എണ്ണം യഥാര്‍ഥത്തില്‍ വന്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്. വയനാട് ജില്ലയിലാണ് ഇക്കാലയളവില്‍ കൂടുതല്‍ ശൈശവ വിവാഹം നടന്നത്. കഴിഞ്ഞ കൊല്ലം 27 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 36 ആയി ഉയര്‍ന്നിട്ടുണ്ട്. വിവാഹത്തിന്റെ എണ്ണം വര്ധിക്കുവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്ന മലപ്പുറത്തെ അവസ്ഥയില്‍ മാറ്റം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മൂന്നായിരുന്നത് ഇപ്പോള്‍ ഒന്നായി കുറഞ്ഞു. ഈ വര്‍ഷം മൂന്നു ശൈശവവിവാഹം നടന്ന ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടുവീതവും തൃശൂരില്‍ ഒരു കല്യാണവും നടന്നു. കഴിഞ്ഞ വര്‍ഷം ആലപ്പുഴ, തൃശുര് ജില്ലകളില്‍ മൂന്നു ശൈശവവിവാഹങ്ങള്‍ നടന്നു. ഇടുക്കിയില്‍ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓരോ കല്യാണവും നടന്നു.
സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ തടയാനായി പൊന്‍വാക്ക് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സഹായത്തോടെ ശൈശവ വിവാഹം തടയുക എന്നാതാണ് പദ്ധതിയുടെ ലക്ഷ്യം. ശൈശവ വിവാഹം നടക്കാന്‍ പോകുന്നുവെന്ന കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികമായി നല്‍കും. ഇതുകൊണ്ടൊന്നും കേരളത്തിലെ ശൈശവ വിവാഹങ്ങള്‍ തടയാനാവുന്നില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ തയാറാവാത്തതാണ് മുഖ്യപ്രശ്നമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.