കോടിയേരിയും ഷംസീറിനെ കൈവിടുന്നു; വിമര്‍ശനം ചോര്‍ന്നതില്‍ തലപുകഞ്ഞ് സിപിഎം
തലശേരി: സിപിഎം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ മാത്രം പങ്കെടുത്ത നിയമസഭ കക്ഷി യോഗത്തില്‍ നടന്ന വിമര്‍ശനം പുറത്തായതില്‍ തലപുകഞ്ഞ് സിപിഎം. തലശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചത് മാധ്യമങ്ങള്‍ക്ക് ലഭിക്കാനിടയായ സാഹചര്യം പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഷംസീറിന്റെ ഗോഡ്ഫാദറായ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനും ഷംസീറിനെ കൈവിട്ടിരിക്കുകയാണ്.
ഫലത്തില്‍ റിയാസിനെ വിമര്‍ശിച്ചതിന് ഷംസീര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടി എംഎല്‍എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനയുടെ രീതിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും എംഎല്‍എമാര്‍ക്ക് കോടിയേരി താക്കീത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം എകെജി സെന്ററില്‍ നടന്ന നിയമസഭ കക്ഷി യോഗത്തിലാണ് കോടിയേരി വാര്‍ത്ത ചോര്‍ന്നതിലെ അതൃപ്തി വ്യക്തമാക്കിയത്.
കരാറുകാരേയും കൂട്ടി എംഎല്‍എമാര്‍ മന്ത്രിക്കു മുന്നിലേക്കു വരരുതെന്ന് ഇക്കഴിഞ്ഞ ഏഴാം തീയതി ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനെതിരേയായിരുന്നു സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാരുടെ വിമര്‍ശനം. ഷംസീറായിരുന്നു വിമര്‍ശനത്തിന് തുടക്കമിട്ടത്. ഇതിനുപിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ച് റിയാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നില്ല.
സിപിഎമ്മിന്റെ പുതുതലമുറ നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമസഭാകക്ഷി യോഗത്തിലെ പരസ്യ വിമര്‍ശനത്തിനും അത് വിവാദമായി മാറിയതിനും കാരണം. ഇത് ഗൗരവത്തോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. ഷംസീറിന്റെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുള്ളതായും സൂചനയുണ്ട്. ഇതാണ് പാര്‍ട്ടി നിലപാട് കടുപ്പിക്കാന്‍ കാരണമായത്. മുസ്ലീം സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മലബാറില്‍ ഒരുകാലത്തു പാലോളി മുഹമ്മദ് കുട്ടിയും എളമരം കരീമുമായിരുന്നു സിപിഎമ്മിന് സമുദായത്തില്‍നിന്നുള്ള മുഖങ്ങള്‍.
വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്ത് വി എസ്. അച്യുതാനന്ദനെ വെട്ടാന്‍ പാലോളി മുഹമ്മദ് കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ ഉയര്‍ത്തിക്കാട്ടാന്‍ പിണറായി പക്ഷം തയാറായി. ഈ ഒഴിവുകളിലേക്ക് വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളാണ് എ.എന്‍. ഷംസീറും പി.എ. മുഹമ്മദ് റിയാസും. ഷംസീറിന്റെ രക്ഷകര്‍തൃത്വം കോടിയേരി ബാലകൃഷ്ണനും റിയാസിന്റേത് പിണറായി വിജയനുമാണ് ഏറ്റെടുത്തിരുന്നത്. എന്നാല്‍ റിയാസിന് ഒരു സുപ്രഭാതത്തില്‍ മന്ത്രിസ്ഥാനം ലഭിക്കുകയും ഷംസീര്‍ പുറന്തള്ളപ്പെടുകയും ചെയ്തു.
രണ്ടാം വട്ടവും നിയമസഭയിലെത്തിയ ഷംസീര്‍ ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. തന്നെ പാര്‍ട്ടി അവഗണിച്ചതിലുള്ള അമര്‍ഷമാണ് റിയാസിനെ വിമര്‍ശിക്കാന്‍ ഷംസീറിനെ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഷംസീറിന് മന്ത്രിസ്ഥാനം ലഭിച്ചില്ലെന്നു മാത്രമല്ല ഷംസീറിനൊപ്പം നിന്ന പലരെയും വെട്ടിനിരത്തുകയും ചെയ്തു. ഇതോടെ പാര്‍ട്ടി നേതൃത്വത്തോടുള്ള തന്റെ അമര്‍ഷം പ്രകടിപ്പിക്കാന്‍ ഷംസീര്‍ നിയമസഭകക്ഷി യോഗം ഉപയോഗപ്പെടുത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മരുമകന് കൂടിയായ മന്ത്രി റിയാസിനെ വിമര്‍ശിച്ചതോടെ ഷംസീറിന്റെ രക്ഷാകര്‍തൃത്വം താത്കാലികമായി ഉപേക്ഷിക്കുകയാണ് ഇപ്പോള്‍ കോടിയേരി. തന്റെ മക്കള്‍ ഉണ്ടാക്കിയിരിക്കുന്ന കോലാഹലങ്ങളില്‍ നിന്നും തടിയൂരാന്‍ പാടുപെടുന്ന കോടിയേരിക്ക് അടുത്ത കുരുക്ക് മുറുക്കിയിരിക്കുകയാണ് ഷംസീര്‍. ഇതാണ് കോടിയേരിയെ മുള്‍മുനയിലാക്കിയതും ഷംസീറിനെ കൈവെടിയാന്‍ പ്രേരിപ്പിച്ചതുമെന്നാണ് വിലയിരുത്തപ്പെടുന്നത്.