മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ മാറ്റം ആവശ്യമില്ലെന്ന് മേല്‍നോട്ട സമിതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പിന്റെ കാര്യത്തില്‍ മാറ്റം വേണ്ടെന്ന് മേല്‍നോട്ട സമതി സുപ്രീംകോടതിയെ ബോധിപ്പിച്ചു. തങ്ങളുടെ ആവശ്യത്തോട് കേരളം വിയോജിച്ചെന്നും സമിതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി പരിഗണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കോടതിയില്‍ കേന്ദ്ര ജലകമ്മിഷന് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവില്‍ ജലനിരപ്പ് 137.6 അടിയാണ്. ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മേല്‍നോട്ട സമതിയുടെ റിപ്പോര്‍ട്ടില്‍ കേരളം നാളെ മറുപടി നല്‍കിയേക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ശക്തമായ മഴ പെയ്തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ജലനിരപ്പില്‍ ആശങ്ക ഉണ്ടെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സുരക്ഷയുടെ കാര്യത്തില്‍ 2006ല്‍ നിന്ന് ഒരുപാടുകാര്യങ്ങള്‍ 2021ല്‍ മാറിയിട്ടുണ്ടാകുമെന്ന് പറഞ്ഞ കോടതി നിലവില്‍ ആശങ്കപ്പടേണ്ടെന്നും പറഞ്ഞു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.