അച്ചടക്ക ലംഘനങ്ങളില്‍ പൊറുതിമുട്ടി കണ്ണൂരിലെ സിപിഎം
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന ലോക്കല്‍ സമ്മേളനങ്ങള്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിക്ക് തലവേദനയാകുന്നു. സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ്, കണ്ണൂര്‍ മേഖലകളിലാണ് അച്ചടക്ക ലംഘനം വ്യാപകമായിരിക്കുന്നത്. ഒരിക്കല്‍ പാര്‍ട്ടി ഒതുക്കിയ പിജെ ആര്‍മി അടക്കമുള്ള സമാന്തര കൂട്ടായ്മകളാണ് പലയിടങ്ങളിലും നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. തളിപ്പറമ്പില്‍ വിഭാഗീയത തെരുവിലേക്കെത്തുന്ന ഘട്ടത്തിലാണ്.
ലോക്കല്‍ സമ്മേളനത്തില്‍നിന്ന് വിഭാഗീയത ആരോപിച്ച് മുന്‍ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരനും അനുകൂലികളും ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് നിലവിലെ ലോക്കല്‍ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. പിന്നാലെ നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യമായി ശക്തിപ്രകടനം നടത്തിയും വിമതവിഭാഗം രംഗത്തുവന്നു. തളിപ്പറമ്പ് നഗരസഭ മുന്‍ ഉപാധ്യക്ഷനായിരുന്ന കെ. മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നില്‍. തന്റെ അനുകൂലികളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നാരോപിച്ചായിരുന്നു മുരളീധരന്റെ ഇറങ്ങിപ്പോക്ക്.
എന്നാല്‍ പ്രകടനം നടത്തിയവര്‍ക്കും പോസ്റ്ററൊട്ടിച്ചവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. പണ്ടേ ചുവന്നതല്ലീ മണ്ണ്… ഞങ്ങള്‍ പൊരുതി ചുവപ്പിച്ചതാണീ മണ്ണ്… അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ്… തയാത്തെരു സഖാക്കള്‍- എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂര്‍ തയാത്തെരു സഖാക്കള്‍ പാര്‍ട്ടിക്കെതിരേ ഉയര്‍ത്തിയ ബാനറിലെ വരികള്‍. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍നിന്ന് ലോക്കല്‍ സെക്രട്ടറിയായിരുന്ന ഇര്‍ഷാദ്, തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി ഷംസീര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ ഇറങ്ങിപ്പോയിരുന്നു.
ഈ സാഹചര്യത്തില്‍ ഗുരുതര അച്ചടക്കലംഘനം നടത്തി ഇറങ്ങിപ്പോയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. ഇര്‍ഷാദിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാത്തത് ശരിയല്ലെന്ന പരസ്യവിമര്‍ശനം പ്രതിനിധികള്‍ ഉയര്‍ത്തി. ഇതിനിടെയാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ ഇര്‍ഷാദിനു വേണമെങ്കില്‍ മത്സരിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇര്‍ഷാദും സംഘവും ഇറങ്ങിപ്പോയി. വിയോജിപ്പുണ്ടെങ്കില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍നിന്ന് ഇറങ്ങിപ്പോവുകയല്ല വേണ്ടതെന്നാണ് നേതൃത്വം പറയുന്നത്.