കോഴിക്കോട് കോര്‍പ്പറേഷനില്‍ വാടക ധൂര്‍ത്ത്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ കാര്‍ വാടകയ്‌ക്കെടുത്ത് ധൂര്‍ത്തിന് അവസരമൊരുങ്ങുന്നു. കാറിന്റെ വിലയേക്കാള്‍ 11 ലക്ഷം രൂപ അധികം നല്‍കി വാടകയ്‌ക്കെടുക്കാനാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ നീക്കം. കോര്‍പ്പറേഷന്‍ കുടുംബശ്രീയുടെ ആവശ്യങ്ങള്‍ക്കായി അനര്‍ട്ട് വഴി ടാറ്റ നെക്സോണ്‍ ഇലക്ട്രോണിക് കാര്‍ വാടകയ്‌ക്കെടുക്കാനാണ് നോക്കുന്നത്.
കാര്‍ വാടകയ്‌ക്കെടുക്കുന്നതിന് അനര്‍ട്ട് വ്യവസ്ഥകളും നിബന്ധനകളും നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതിനായി ക്ഷേമകാര്യ സ്ഥിരം സമിതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് കൗണ്‍സിലിന്റെ അനുമതിക്കായി കാക്കുന്നത്. അനര്‍ട്ടിന്റെ വ്യവസ്ഥ പ്രകാരം വാഹനത്തിന്റെ മാസവാടക 27,540 ആണ്. കൂടാതെ അഞ്ച് ശതമാനം ജിഎസ്ടിയും നല്‍കണം. ഒരു മാസത്തെ വാടക മുന്‍കൂര്‍ അടയ്ക്കണം.
കരാര്‍ കാലാവധി ഒപ്പുവയ്ക്കുന്നത് മുതല്‍ എട്ടുവര്‍ഷം വരെയാണ്. അതായത് എട്ട് വര്‍ഷത്തേക്കുള്ള വാടക 27,76,032 രൂപ. വാടകയില്‍ അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനവ് ഉണ്ട്. വാഹനത്തിന്റെ ബാറ്ററി ചാര്‍ജിംഗിന് സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ ചിലവ് 15,000 രൂപ കുടുംബശ്രീ വഹിക്കണം. കൂടാതെ വാഹനത്തിന്റെ മറ്റു ചിലവുകളും ആകസ്മിക ചിലവുകളും ഗുണഭോക്താവ് വഹിക്കണം. എട്ട് വര്‍ഷത്തിന് ശേഷം കാര്‍ തിരിച്ച് കൊടുക്കുകയും വേണം.
അതേസമയം കാറിന് കോഴിക്കോട്ടെ ഷോറൂമിലെ വില ആകെ വില 16,08,084 രൂപയാണ്. ഇതറിയാവുന്നവരാണ് 28 ലക്ഷത്തോളം മുടക്കി എട്ട് വര്‍ഷത്തേക്ക് കാര്‍ വാടകയ്‌ക്കെടുക്കുന്നത്. കാര്‍ മാസതവണ അടിസ്ഥാനത്തില്‍ വാങ്ങിയാല്‍ പലിശ ഇനത്തില്‍ പരമാവധി രണ്ട് ലക്ഷം രൂപ അധികം നല്‍കിയാല്‍ മതി. അതൊന്നും വകവയ്ക്കാതെയാണ് കോര്‍പ്പറേഷന്റെ നീക്കം.