ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം പടരുന്നു
പ്യോഗാംഗ്: രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന സൂചന നല്‍കി ഉത്തര കൊറിയന്‍ ഭരണാധികാരി. പൗരന്‍മാരോട് 2025 വരെ വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് കിം ജോങ് ഉന്‍ ഉത്തരവിട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയ ചൈനയെയാണ് ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ ജനവരിയില്‍ അതിര്‍ത്തി അടച്ചതോടെ ചൈനയുമായുള്ള വ്യാപാരം അവസാനിച്ചു. 2025 ഓടെ മാത്രമേ ഈ അതിര്‍ത്തികള്‍ തുറക്കുകയുള്ളൂവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അടുത്തിടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായ ചുഴലിക്കാറ്റും കനത്ത മഴയും ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായെന്നും അധികൃതര്‍ പറയുന്നു. ഉത്തര കൊറിയയ്ക്ക് മേലുള്ള ലോകരാഷ്ട്രങ്ങളുടെ ഉപരോധവും രാജ്യത്തിന്റെ സാമ്പത്തിക മോശമാക്കിയിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഉത്തരകൊറിയയില്‍ മൂന്ന് ദശലക്ഷത്തോളം പേരുടെ ജീവന്‍ അപഹരിച്ച ക്ഷാമത്തിന് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 2025 വരെ അതിര്‍ത്തി തുറക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഇവര്‍ പറയുന്നു. രാജ്യം ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് കഴിഞ്ഞ ആഴ്ച വിളിച്ച് ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കിം ജോങ് ഉന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം ഭരണകുടത്തിന്റെ നിര്‍ദേശങ്ങളില്‍ പൗരന്‍മാര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. 2019 മെയ് മാസത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഫൂഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ ഉത്തരകൊറിയയില്‍ 10 ദശലക്ഷം പേര്‍ ഭക്ഷണത്തിന്റെ അഭാവം നേരിടുന്നതായിരുന്നു കണ്ടെത്തിയിരുന്നു.