അരുണാചലിലും കടന്നുകയറാന്‍ ചൈനീസ് ശ്രമം
ന്യൂഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിച്ച് നിര്‍ത്താന്‍ കടന്നുകയറ്റം ആയുധമാക്കാന്‍ ചൈന. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കടന്നുകയറി ഇന്ത്യയെ പ്രകോപിപ്പിച്ച ചൈന ഇപ്പോള്‍ അരുണാചല്‍ പ്രദേശിലാണ് കടന്നുകയറാന്‍ ശ്രമിക്കുന്നത്. അരുണാചലിലെ അസാഫില മേഖലയില്‍ ചൈന പട്രോളിംഗും നിര്‍മാണ പ്രവൃത്തികളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും കടന്നുകയറ്റം ഉഭയകക്ഷി ചര്‍ച്ചകളെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഇന്ത്യന്‍ പ്രതികരണം.
ഗല്‍വാനില്‍ നടത്തിയ കടന്നുകയറ്റമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ- ചൈന ബന്ധത്തെ കാര്യമായി ഉലച്ചത്. ലഡാക്കിനൊപ്പം ഉത്തരാഖണ്ഡിലും അരുണാചലിലും കടന്നുകയറ്റത്തിന് ശ്രമിക്കുമ്പോള്‍ കൂടുതല്‍ വഷളാവുകയാണ് ഇന്ത്യ- ചൈന ബന്ധം. മുവായിരത്തി അഞ്ഞൂറോളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ മേഖലകളില്‍ തര്‍ക്കം ഉയര്‍ത്താനാണ് ഇപ്പോള്‍ ചൈനയുടെ നീക്കം.
ഒക്ടോബറില്‍ അരുണാചലിലെ ബുംലാ യങ്‌സിയിലേക്കായിരുന്നു ചൈനയുടെ നുഴഞ്ഞുകയറ്റം. ഇരുരാജ്യങ്ങളുടെയും സൈനികര്‍ അവിടെ മണിക്കൂറുകള്‍ മുഖാമുഖം നിന്നു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നടത്തിയ അരുണാചല്‍ സന്ദര്‍ശനത്തിന്റെ പേരിലും ചൈന വിവാദം ഉയര്‍ത്തി. അരുണാചല്‍ ഇന്ത്യയുടെ ഭാഗമായി അംഗീരിച്ചിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചല്‍ സന്ദര്‍ശിക്കാന്‍ ചൈനയുടെ അനുമതി വേണ്ടെന്ന് ഇന്ത്യ തിരിച്ചടിച്ചു.
ലഡാക്കിലെ പ്രധാന മേഖലകളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറിയെങ്കിലും പ്രകോപന നീക്കം ചൈന തുടരാന്‍ തന്നെയാണ് സാധ്യത. ഇന്ത്യ-അമേരിക്ക ബന്ധം, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് കിട്ടുന്ന അംഗീകാരം ഇതോക്കെ തന്നെയാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ഇതിനിടയില്‍ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചതും ചൈനയെ അലട്ടുന്നുണ്ട്.