ജോസഫിന്റെ ജാമ്യാപേക്ഷ രണ്ടാമതും തള്ളി
കൊച്ചി: നടന് ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയാണ് റോഡ് ഉപരോധം നടത്തിയതെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് കേസില്‍ ജോസഫിന് ജാമ്യം നിഷേധിക്കുന്നത്.
കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയും ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനിടെ കേസില്‍ മറ്റൊരു പ്രതി കൂടി പോലീസ് പിടിയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും തൃക്കാക്കര സ്വദേശിയുമായ ഷെരീഫാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. എഫ്ഐആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ആക്രമണത്തില്‍ കാറിന് സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റോഡ് ഉപരോധം നടത്തിയ 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഉപരോധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടന് ജോജുവിന്റെ കാര്‍ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജോജു പരാതി നല്‍കിയിട്ടുണ്ട്. ഇന്ധന നികുതി കുറച്ചതിന്റെ പ്രതിഷേധത്തിലെ പ്രശ്നങ്ങളില്‍ കേസ് ഒതുക്കാന്‍ ജോജു ജോര്‍ജ് സമ്മതിക്കാത്തത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. അതിനാല്‍ പ്രതികാരമായി ജോജുവിനെതിരെ കേസുകള്‍ കൂടുതലായി എത്തുകയാണ്. ജോജുവിന്റെ കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചതിനു ജോജുവിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. കോണ്‍ഗ്രസുകാരുടെ പരാതിയിലാണ് ഇടപെടല്‍.
പിഴയടച്ച് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്‍ടിഒ പി.എം. ഷെബീറിന്റെ ഉത്തരവ്. കോണ്‍ഗ്രസുകാരുടെ ദേശീയപാത ഉപരോധത്തിനെതിരെ രംഗത്തെത്തിയതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപം തുടരുന്നെന്ന പരാതിയുമായി നടന് ജോജു ജോര്‍ജ് കോടതിയില്‍ എത്തിയിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ ജാമ്യമില്ലാത്ത വകുപ്പുകളില്‍ കേസെടുത്തിട്ടുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കു ശ്രമം നടത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വരാനിരിക്കുന്ന പ്രസ്താവനയെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി നടപടികള്‍ എന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന് നല്‍കുന്നത്. വാഹനം തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിന്റെ വാഹനം ആക്രമിച്ചതെന്നാണു എഫ്ഐആറിലുള്ളത്. വാഹനം തടഞ്ഞ്, ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു, വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു എന്നെല്ലാം എഫ്ഐആറിലുണ്ട്.