പട്ടികജാതിക്കാരെ ജീവിക്കാന്‍ അനുവദിക്കാതെ നമ്പര്‍ വണ്‍ കേരളം
ആലപ്പുഴ: ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍, മാറ്റുമതുകളീ നിങ്ങളെത്താന്….” എന്ന് മഹാകവി കുമാരനാശാന്‍ പാടിയ മലയാള നാട്ടില്‍ ഇപ്പോഴും പ്രസക്തമാണ്. സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ അന്ന് കവി പാടിയത് ഇന്നു മലയാളി മറന്നുപോയ അവസ്ഥയാണ്. അത്തരമൊരു വാര്‍ത്തയാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ നിന്നു പുറത്തുവന്നിരിക്കുന്നത്.
‘ഇവിടം പട്ടികജാതി കോളനിയാക്കാന്‍ അനുവദിക്കില്ല. ഒരു പട്ടികജാതിക്കാരിയും ഇവിടെ വീടുവെക്കാമെന്നു വിചാരിക്കേണ്ടാ’- ചിലരുടെ ഈ ഭീഷണിയില്‍ നടുങ്ങി ചോരുന്ന പ്ലാസ്റ്റിക് കൂരയില്‍ കഷ്ടപ്പെടുകയാണ് പല്ലന കടവില്‍പ്പറമ്പില്‍ ചിത്രയും കുടുംബവും. ഒരുവര്‍ഷമായി ഈ സ്ഥിതി തുടരുകയാണ്. വീടു നിര്‍മിക്കാനായി കൊണ്ടുവന്ന മെറ്റലും ഇഷ്ടികയും കാടുകയറിക്കിടക്കുന്നു. കവി കുമാരനാശാന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലാണ് ഈ ജാതിവിവേചനം.
ഹരിപ്പാട് ബ്ലോക്ക് രണ്ടുവര്‍ഷം മുമ്പാണ് ചിത്രയ്ക്കും കുടുംബത്തിനുമായി 3.70 ലക്ഷം രൂപയ്ക്ക് അഞ്ചുസെന്റ് സ്ഥലം വാങ്ങി നല്‍കിയത്. 14 വര്‍ഷമായി ഇവര്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുവയ്ക്കാന്‍ നാലുലക്ഷം രൂപ അനുവദിച്ചു. അതിന്റെ ആദ്യഗഡുവായി 40,000 രൂപ നല്‍കി. ഇതിന് മെറ്റലും സിമന്റുകട്ടയും കൊണ്ടുവന്നത് സമീപത്തെ മൂന്നുവീട്ടുകാര്‍ ജാതീയമായി അധിക്ഷേപം ചൊരിഞ്ഞ് തടഞ്ഞിട്ടു. പഞ്ചായത്ത് റോഡിലൂടെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നുകാണിച്ച് ചിത്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും സംരക്ഷണം കിട്ടിയില്ല.
വണ്ടി കത്തിക്കുമെന്ന ഭീഷണിയില്‍ വഴിയരികില്‍ സാധനമിറക്കി വണ്ടിക്കാര്‍ പോയി. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനും വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസറുമായ ടി.എസ്. അരുണ്‍കുമാര്‍ മാര്‍ച്ച് 16ന് തൃക്കുന്നപ്പുഴ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ചിത്രയുടെ വീട്ടിലേക്ക് ഈ റോഡിലൂടെ ഗ്യാസ് സിലിന്‍ഡര്‍ എത്തിക്കുന്നതും ഇവര്‍ വിലക്കിയിരിക്കുകയാണ്. കക്കൂസ് നിര്‍മിക്കാനായിട്ടില്ല. ചിത്രയുടെ ഭര്‍ത്താവ് ധനേഷ് പക്ഷാഘാതം വന്നുകിടക്കുകയാണ്.
ശക്തമായി മഴപെയ്താല്‍ വെള്ളംകെട്ടിനില്‍ക്കുന്ന വീട്ടിലെ കട്ടിലിലാണിയാള്‍. ആവശ്യം വന്നാല്‍ ആംബുലന്‍സ് പോലും സമീപവാസികള്‍ കടത്തിവിടില്ലെന്ന ഭയവും ഇവര്‍ക്കുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസുകാരിയായ മകളും ഈ കൂരയ്ക്കുള്ളിലുണ്ട്. കയര്‍പിരിച്ചുകിട്ടുന്ന ചെറിയവരുമാനംകൊണ്ടാണ് ചിത്ര കുടുംബം നയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ബി.സി. ദിലീപ് കുമാര്‍ അറിയിച്ചു.